Top

'ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കും'; കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് മന്ത്രി ശിവന്‍കുട്ടി

അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

2 Oct 2021 3:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കും; കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് മന്ത്രി ശിവന്‍കുട്ടി
X

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് മുന്‍ഗണന എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെയെങ്കിലും സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

അന്തിമ മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നത്തിന്റെ മുന്നോടിയായി വിവിധ സംഘടനകളുമായി ചര്‍ച്ച തുടരുകയാണ്. അധ്യാപക സംഘടനകളുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം വിദ്യാര്‍ഥി സംഘടനകളും തൊഴിലാളി സംഘടനകളുമായും മന്ത്രിചര്‍ച്ച നടത്തി. വിദ്യാര്‍ഥി, തൊഴിലാളി സംഘടനകള്‍ സ്‌കൂള്‍ തുറക്കല്‍ തീരുമാനത്തെ പിന്തുണച്ചുവെന്നും മന്ത്രി അറിയിച്ചു.

13 വിദ്യാര്‍ത്ഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും ആണ് യോഗത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഇതിനായി ഒരു സ്‌കൂളില്‍ ഒരു ഡോക്ടറെ നിയോഗിക്കും. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും. ആയുഷ് നിര്‍ദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഹോമിയോ പ്രതിരോധ മരുന്ന് നല്‍കുന്നതിനെതിരെ ഐഎംഎ അടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പിടിഎ പുനസംഘടിപ്പിക്കുമെന്നാണ് വിവരം. സ്‌കൂളിന്റെ അറ്റകുറ്റപ്പണികളും പിടിഎ ഫണ്ട് ഉപയോഗിച്ച് നടത്തണം. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്. മേയര്‍മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുമായും മന്ത്രി ഇന്ന് ചര്‍ച്ച നടത്തി. തദ്ദേശഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട ചുമതലകളെ കുറിച്ചും സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്തു. ഒക്ടോബര്‍ 20 മുതല്‍ സ്‌കൂളുകളിലെ ശുചീകരണം ആരംഭിക്കും.

Next Story