Top

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച: സുധാകരനെ അനുകൂലിക്കുന്നത് ആറുപേര്‍ മാത്രം; നടപടി ഉറപ്പിച്ച് മറുപക്ഷം

2 Aug 2021 4:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച: സുധാകരനെ അനുകൂലിക്കുന്നത് ആറുപേര്‍ മാത്രം; നടപടി ഉറപ്പിച്ച് മറുപക്ഷം
X

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട തെളിവെടുപ്പില്‍ മുന്‍മന്ത്രി ജി സുധാകരന് തിരിച്ചടി.അവസാന ദിവസം തെളിവെടുപ്പിന് ഹാജരായ 22 പേരില്‍ 6 പേര്‍ മാത്രമാണ് ജി.സുധാകരനെ പിന്തുണച്ചത്. അടുത്ത സംസ്ഥാന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എളമരം കരീമും, കെ ജെ തോമസും ഉള്‍പ്പെട്ട കമ്മീഷന്റെ നീക്കം. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ സുധാകരനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് സുധാകരന്‍ വിരുദ്ധപക്ഷം.

കഴിഞ്ഞയാഴ്ച നടന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകാന്‍ കഴിയാതിരുന്ന പ്രധാന നേതാക്കളും അമ്പലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിലെ അംഗങ്ങളുമാണ് അവസാന ദിവസ തെളിവെടുപ്പില്‍ കമ്മീഷന് മുന്നിലെത്തിയത്. തെളിവെടുപ്പിനെത്തിയ 22 പേരില്‍ 6 പേര്‍ മാത്രമാണ് ജി.സുധാകരനെ പിന്തുണച്ചത്. പാര്‍ട്ടി സമ്മേളനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അച്ചടക്ക നടപടികള്‍ പാടില്ലെന്ന കീഴ് വഴക്കം ഉള്ളതിനാല്‍ തിടുക്കത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നീക്കം.

എളമരം കരീം, കെജെ തോമസ് എന്നിവരുള്‍പ്പെട്ട കമ്മീഷന്‍ കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിയായി നടത്തിയ ആദ്യ ഘട്ട സിറ്റിങ്ങില്‍ മുന്‍ മന്ത്രി ജി.സുധാകരന്‍ ,ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, മന്ത്രി സജി ചെറിയാന്‍, എച്ച്‌സലാം എം എല്‍എ, എഎം ആരിഫ് എംപി എന്നീ പ്രധാന നേതാക്കളെ നേരില്‍ കണ്ടിരുന്നു. ജി.സുധാകരനെതിരായ പരാതികള്‍ ശരിവെയ്ക്കുന്ന മൊഴികളാണ് കമ്മീഷന് മുന്നില്‍ ഹാജരായ ഭൂരിപക്ഷം പേരും നല്‍കിയിട്ടുള്ളത്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന ജില്ലാ കമ്മറ്റി റിപ്പോര്‍ട്ട് ശരി വെച്ചാണ് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചതും.

Next Story

Popular Stories