തെരഞ്ഞെടുപ്പ് കോഴ; സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. മുന്‍പാകെ ഹാജരാകാം എന്ന് സുരേന്ദ്രന്
16 Sep 2021 1:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ രാവിലെ 11 മണിക്കാണ് ചോദ്യംചെയ്യല്‍. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. മുന്‍പാകെ ഹാജരാകാം എന്ന് സുരേന്ദ്രന് അറിയിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ് അന്വേഷണം. ഐ.പി.സി. 171 B, E വകുപ്പുകള്‍ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.
ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാംപ്രതിയാക്കി കേസെടുത്തത്. ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പത്രിക പിന്‍വലിക്കാന്‍ 15 ലക്ഷം രൂപയും വീടും കര്‍ണാടകത്തില്‍ വൈന്‍ ഷോപ്പും വാഗ്ദാനം ചെയ്തുവെന്നും സുന്ദര മൊഴി നല്‍കിയിരുന്നു. സ്വര്‍ഗ വാണി നഗറിലെ വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ സുന്ദരയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി പൈവളിഗെ ജോഡ്ക്കല്ലിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തടങ്കലില്‍വച്ച് പത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി. തിരികെ വീട്ടിലെത്തിച്ച നേതാക്കള്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കൈമാറി.
മാര്‍ച്ച് 22ന് കാസര്‍കോട് താളിപ്പടുപ്പില്‍ കെ സുരേന്ദ്രന് താമസിച്ച ഹോട്ടല്‍ മുറിയില്‍ വച്ചാണ് പത്രിക പിന്‍വലിപ്പിക്കാനുള്ള അപേക്ഷയില്‍ ഒപ്പിടുവിച്ചത്. കേസില്‍ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമാരായ കെ ബാലകൃഷ്ണ ഷെട്ടി, സുരേഷ്കുമാര്‍ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, സുരേഷ് നായിക്, കെ മണികണ്ഠ റൈ, മുളരീധര യാദവ് എന്നിവരെയുെം ചോദ്യംചെയ്തിരുന്നു.
- TAGS:
- K Surendran
- BJP
- Election 2021