Top

'മസാല ദോശയും ചമ്മന്തിയും ഇല്ല'; 'ആര്‍ഭാടം' ഒഴിവാക്കി മകളുടെ മാമ്മോദിസയെന്ന് എല്‍ദോ എബ്രഹാം

മൂവാറ്റുപുഴയിലെ തോല്‍വിക്ക് കാരണം എല്‍ദോ എബ്രഹാമിന്റെ ആഢംബര വിവാഹമാണെന്നായിരുന്നു സിപിഐ സംസ്ഥാന കൗണ്‍സിലിലെ വിമര്‍ശനം

16 Sep 2021 11:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മസാല ദോശയും ചമ്മന്തിയും ഇല്ല; ആര്‍ഭാടം ഒഴിവാക്കി മകളുടെ മാമ്മോദിസയെന്ന് എല്‍ദോ എബ്രഹാം
X

മൂവാറ്റുപുഴയിലെ പരാജയത്തിന് കാരണം ആഢംബര വിവാഹമാണെന്ന വിമര്‍ശനത്തിന് എല്‍ദോ എബ്രഹാമിന്റെ പരോക്ഷ മറുപടി. 'മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത.. ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ..' എന്ന അടിക്കുറിപ്പോടെയാണ് മുന്‍ എംഎല്‍എ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായിരുന്ന മൂവാറ്റുപുഴയിലെ തോല്‍വിക്ക് കാരണം എല്‍ദോ എബ്രഹാമിന്റെ ആഢംബര വിവാഹമാണെന്നായിരുന്നു സിപിഐ സംസ്ഥാന കൗണ്‍സിലിലെ വിമര്‍ശനം. ജില്ലാ സെക്രട്ടറി പി രാജു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ അസാധാരണമായ ഒരു കാരണം ചൂണ്ടികാട്ടിയത്. വിവാഹം ലളിതമായി നടത്തണമെന്ന് പാര്‍ട്ടി എല്‍ദോയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥി പാര്‍ട്ടി നിര്‍ദേശം മാനിക്കാതെ നടത്തിയ ആര്‍ഭാട വിവാഹം വലിയ ചര്‍ച്ചയായെന്നുമായിരുന്നു പി രാജു സംസ്ഥാന കൗണ്‍സിലില്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഈ വിമര്‍ശനത്തെ തള്ളിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാജുവിന്റെ വിമര്‍ശനത്തിന് രൂക്ഷഭാഷയിലായിരുന്നു മറുപടി നല്‍കിയത്. എല്‍ദോയുടെ കല്ല്യാണ സമയത്ത് നിങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ച കാനം 'അപ്പോള്‍ പറഞ്ഞ് തിരുത്താതെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് തോല്‍വിയെകുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണോ ഇതൊക്കെ ഓര്‍ക്കുന്നതെന്നും' വിമർശിച്ചു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6161 വോട്ടിനാണ് കോണ്‍ഗ്രസിന്റെ മാത്യൂകുഴല്‍നാടന്‍ എംഎല്‍എയോട് എല്‍ദോ എബ്രഹാം പരാജയപ്പെട്ടത്. 2016 ല്‍ ജോസഫ് വാഴക്കനെ 9375 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു എല്‍ദോ എബ്രഹാമിന്റെ വിജയം. എന്നാല്‍ സംസ്ഥാനമാകമാനം ഇടതുതരംഗം ഉണ്ടായിട്ടും എല്‍ദോയ്ക്ക് മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. വിഭാഗീയ പ്രശ്‌നങ്ങള്‍ പലയിടത്തും പരാജയത്തിന് കാരണമായെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Next Story