Top

ആളൂരിലെ വയോധികന്റെ മരണം കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

ഇരുപത്തിയൊന്നുകാരായ രണ്ടു പേരെയാണൺ് പൊലീസ് അറസ്റ്റ് ചെയ്തത്.

9 Oct 2021 1:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആളൂരിലെ വയോധികന്റെ മരണം കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍
X

തൃശ്ശൂര്‍ ആളൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയൊന്നുകാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആളൂർ സ്വദേശി മുഹമ്മദ് ജാസിക്, ഊരകം സ്വദേശി അഡ്ലിൻ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ആളൂർ ഇൻസ്പെക്ടർ എം ബി സിബിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ആളൂർ അണ്ടിക്കമ്പനിക്കു സമീപം ഒറ്റക്കു താമസിക്കുന്ന ഐക്കനാടൻ രാമകൃഷ്ണനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം സ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയും ചെയ്തു. മുഹമ്മദ് ജാസിക്കിനെ വ്യാഴായ്ചയും അഡ്ലിനെ വെള്ളിയാഴ്ച ഊരകത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്.

ഒന്നാം പ്രതി മുഹമ്മദ് ജാസിക് കഞ്ചാവിനും മദ്യത്തിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. ചൊവാഴ്ച ഇരിങ്ങാലക്കുടയിലെത്തിയ അഡ്ലിനെ ജാസിക് ബൈക്കിൽ കയറ്റി ബിവറേജിൽ നിന്നു മദ്യം വാങ്ങുകയും ആളൂരിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ രാമകൃഷ്ണന്റെ വീടിനു മുൻപിൽ വന്നു നിൽക്കുകയായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്ത രാമകൃഷ്ണനുമായി പ്രതികള്‍ വാക്കുതർക്കത്തിൽ ഏർപ്പെടുകയും പ്രകോപിതരായി രാമകൃഷ്ണനെ ആക്രമിക്കുകയുമായിരുന്നു. ഒന്നാം പ്രതി ജാസിക്കാണ് രാമകൃഷ്ണനെ ആദ്യം ആക്രമിച്ചത്‌. പ്രാണരക്ഷാർത്ഥം അകത്തേക്കോടിയ രാമകൃഷ്ണനെ പുറകെയെത്തിയ പ്രതികൾ ചവിട്ടിയും ഇടിച്ചും മാരകമായി പരുക്കേൽപിച്ചു. തുടർന്നു രക്ഷപ്പെട്ട ഇവർ രണ്ടു ദിവസം ഒളിവിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Next Story