Top

വഴിത്തര്‍ക്കം: വയോധികനെ വീട്ടില്‍ കയറി വെട്ടി; ആക്രമണം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് ആക്ഷേപം

ആക്രമണത്തില്‍ വലത് കൈക്ക് പരിക്കേറ്റ രമണനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

9 Aug 2021 5:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഴിത്തര്‍ക്കം: വയോധികനെ വീട്ടില്‍ കയറി വെട്ടി; ആക്രമണം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് ആക്ഷേപം
X

പത്തനംതിട്ട കുറ്റൂരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വയോധികനെ വീട് കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. 71 കാരനായ തൊങ്ങലിയില്‍ രമണന്‍ എന്നയാളെയാണ് സിപിഐഎം അംഗമായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആക്രമിച്ചത്.

വഴിത്തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജുവും സംഘവുമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് കുടുംബത്തിന്റെ ആക്ഷേപം. തൊങ്ങലിയില്‍ രമണന്റെ വീടിന്റെ മതില്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും ജെ സിബി ഉപയോഗിച്ച് പൊളിച്ച് മാറ്റുകയും ചെയ്തു.

തൊങ്ങലിയില്‍ രമണന്റെ സ്ഥലത്തിന് പിന്നിലുള്ള ആറോളം കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള റോഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മൂന്ന് മീറ്റര്‍ വരുന്ന വഴി വീതിക്കൂട്ടാന്‍ കൂടുതല്‍ സ്ഥലം നല്‍കാനാവില്ലെന്ന് രമണന്‍ നേരത്തെ നിലപാട് എടുത്തിരുന്നു. ഈ വിഷയത്തില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ ഇടപെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പതിനഞ്ചോളം വരുന്ന സംഘം ഞായറാഴ്ച രാത്രി സ്ഥലത്ത് എത്തുകയും ജെസിബി ഉള്‍പ്പെടെ ഉപയോഗിച്ച് മതില്‍ പൊളിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് തിരിഞ്ഞത്.

ഇതിനിടെ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ വലത് കൈക്ക് പരിക്കേറ്റ രമണനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് നേരെ കല്ലെറിയുകയും ചെയ്‌തെന്നും കുടുംബം ആരോപിക്കുന്നു. ഇവ സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. രമണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രദേശവാസികള്‍ അറിയിച്ചത് അനുസരിച്ച പ്രശ്‌നം പരിഹരിക്കാനെത്തുകയാണ് താന്‍ ചെയ്തത് എന്നാണ് കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജുവിന്റെ നിലപാട്.

Next Story