Top

'ഇത്രയും കഴിവ് കെട്ട മന്ത്രി മലയാളിയായതില്‍ അപമാനം; നാടിനെ അപമാനിക്കാന്‍ മാത്രമായി മന്ത്രിസ്ഥാനം'; രൂക്ഷവിമര്‍ശനവുമായി ഇടത് എംപിമാര്‍

കേരളത്തെ അപമാനിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത വി. മുരളീധരന്‍

15 Aug 2021 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത്രയും കഴിവ് കെട്ട മന്ത്രി മലയാളിയായതില്‍ അപമാനം; നാടിനെ അപമാനിക്കാന്‍ മാത്രമായി മന്ത്രിസ്ഥാനം; രൂക്ഷവിമര്‍ശനവുമായി ഇടത് എംപിമാര്‍
X

കേന്ദ്രമന്ത്രി മുരളീധരന്റെ പ്രസ്താവന പദവിക്ക് ചേരാത്തതാണെന്ന് ഇടത് എംപിമാരായ എളമരം കരീമും ബിനോയ് വിശ്വവും. കേരളത്തില്‍ നിന്നുള്ള ഇടതു എം.പിമാര്‍ പാര്‍ലമെന്റിനെ കളങ്കപ്പെടുത്തി എന്ന മുരളീധരന്റെ പ്രസ്ഥാവന വിലകുറഞ്ഞതും അല്‍പത്വവുമാണെന്നും ഇത്രയും കഴിവ് കെട്ട ഒരു മന്ത്രി കേരളീയനാണെന്നത് മലയാളികള്‍ക്കാകെ അപമാനമാണെന്നും ഇടത് എംപിമാര്‍ പറഞ്ഞു.

എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ സംയുക്തപ്രസ്താവന: കേരളത്തില്‍ നിന്നുള്ള ഇടത്പക്ഷ എം.പിമാര്‍ പാര്‍ലമെന്റിനെ കളങ്കപ്പെടുത്തി എന്ന പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രസ്ഥാവന വിലകുറഞ്ഞതും അല്‍പത്വവുമാണ്. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും, പാര്‍ലമെന്റിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ക്കുമെതിരെയാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളുമായി ഒരു കൂടിയാലോചന നടത്തി സഭാതലം സൗഹാര്‍ദ്ദ പൂര്‍ണമാക്കാന്‍ മന്ത്രിമാര്‍ ഒരു ശ്രമവും നടത്തിയില്ല. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രതിപക്ഷത്തെ ഗൗനിക്കേണ്ടതില്ല എന്ന നിലപാടാണവര്‍ സ്വീകരിച്ചത്.

പാര്‍ലമെന്റ് സുഗമമായി നടത്തിക്കൊണ്ട് പോകാന്‍ ചുമതലപ്പെട്ടവരാണ് പാര്‍ലമെന്ററി കാര്യ മന്ത്രിമാര്‍. പ്രസ്തുത ചുമതല നിറവേറ്റാന്‍ തനിക്ക് കഴിയില്ല എന്ന് സഹമന്ത്രി ശ്രീ. മുരളീധരന്‍ തെളിയിച്ചു. ഇത്രയും കഴിവ് കെട്ട ഒരു മന്ത്രി കേരളീയനാണെന്നത് മലയാളികള്‍ക്കാകെ അപമാനമാണ്. തൊഴിലാളികളുടെ പണിമുടക്ക് നിരോധിക്കല്‍, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്വകാര്യവല്‍ക്കരിക്കല്‍, പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് കിട്ടാക്കടമാക്കിയ കോര്‍പറേറ്റുകളെ സഹായിക്കല്‍ തുടങ്ങിയവയായിരുന്നു പാര്‍ലമെന്റില്‍ വന്ന ബില്ലുകളില്‍ ചിലത്. കഴിഞ്ഞ 9 മാസമായി രാജ്യത്തെ കര്‍ഷകര്‍ സമരം നടത്തിവരുന്നു. ഇതിനിടയാക്കിയ 3 കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രശ്‌നം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ല. രാജ്യത്തെ പിടിച്ചുകൂലുക്കിയ രഹസ്യം ചോര്‍ത്തല്‍, ജനങ്ങള്‍ നേരിടുന്ന വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. അതൊന്നും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ദമായില്ല. മെമ്പര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഒരു ദിവസം പോലും പ്രധാനമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ രാജ്യസഭയില്‍ വന്നില്ല.

എല്ലാ ജനാധിപത്യ മര്യാദകളെയും, പാര്‍ലമെന്റ് നടപടി ചട്ടങ്ങളെയും സര്‍ക്കാര്‍ കാറ്റില്‍ പറത്തി. പ്രതിപക്ഷ പ്രതിഷേധത്തിലുന്നയിച്ച ചിലകാര്യങ്ങളെ സര്‍ക്കാരിനോടൊപ്പം നില്‍ക്കുന്ന വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ്, ബി.ജെ.ഡി. എന്നീ പാര്‍ടികളും അനുകൂലിച്ചു. എന്നിട്ടും പിടിവാശി ഉപേക്ഷിക്കാന്‍ സന്നദ്ധമാവാത്ത സര്‍ക്കാരാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം ബഹളത്തില്‍ മുങ്ങാന്‍ ഉത്തരവാദി. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് പാസ്സാക്കിയ ബില്ലുകളില്‍ 71 ശതമാനവും പാര്‍ലമെന്ററി സ്‌കൂട്ടിനിക്ക് വിധേയമായിരുന്നു. മോഡിഭരണകാലത്ത് അത് 10 ശതമാനമായി കുറഞ്ഞു. ഇതില്‍ സര്‍ക്കാരിന് അഭിമാനിക്കാമോ ?

രാജ്യസഭയിലെ 14 പ്രതിപക്ഷ പാര്‍ടികളില്‍ പെട്ട എം.പി.മാര്‍ ഒന്നിച്ച് നടത്തിയ പ്രതിഷേധത്തില്‍ ഇടത് പക്ഷത്തെ എളമരം കരീം, ബിനോയ് വിശ്വം, വി.ശിവദാസന്‍ എന്നിവരെ മാത്രമേ മുരളീധരന്‍ കണ്ടുള്ളൂ. ഇടത് പക്ഷത്തിന്റെ പാര്‍ലമെന്ററി സാനിദ്ധ്യവും, നിലപാടുകളും കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുന്നു. കേരളത്തെ അപമാനിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത വി. മുരളീധരന്‍ തന്റെ മന്ത്രി പദവിയുപയോഗിച്ച് യാതൊന്നും സംസ്ഥാനത്തിന് വേണ്ടി ചെയ്യുന്നില്ല.

പാര്‍ലമെന്റില്‍ വേണ്ടത് ചര്‍ച്ച നടത്താതെയാണ് പല നിയമങ്ങളും പാസ്സാക്കുന്നതെന്ന് സ്വാതന്ത്ര്യദിനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചു. പല നിയമങ്ങളിലും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെയും മുരളീധരന്‍ അടുത്ത ദിവസം പ്രതികരിക്കുമായിരിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും, ചര്‍ച്ച ചെയ്യാനുമാണ് പാര്‍ലമെന്റ് അത്തരം വേദികളില്‍ 'മൗനി ബാബമാരാവാന്‍ ഇടത്പക്ഷത്തെ കിട്ടില്ല. നടപടി ഭീഷണിയുയര്‍ത്തി ഇടത്പക്ഷത്തെ നിശബ്ദമാക്കാമെന്ന് ആരും കരുതരുത്. തന്റെ സ്ഥാനത്തിന് ചേരാത്ത പരസ്യ പ്രസ്ഥാവനകളില്‍ നിന്ന് മുരളീധരന്‍ പിന്മാറണം.

Next Story

Popular Stories