Top

'അങ്ങനെയെങ്കില്‍ തല കാണില്ല, കാണിച്ചു തരാം ഞാന്‍, വിടുകേല'; നാദിര്‍ഷയ്‌ക്കെതിരെ പിസി ജോര്‍ജ്

'ക്രിസ്ത്യാനികളെല്ലാം വ്യഭിചാരികളാണോ'

5 Aug 2021 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അങ്ങനെയെങ്കില്‍ തല കാണില്ല, കാണിച്ചു തരാം ഞാന്‍, വിടുകേല; നാദിര്‍ഷയ്‌ക്കെതിരെ പിസി ജോര്‍ജ്
X

പുതിയ ചിത്രത്തിന് ഈശോയെന്ന് പേരിട്ട സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ്. നാദിര്‍ഷ പ്രശസ്തനായത് തന്നെ ഒരു വൈദികരന്റെ ഔദാര്യം കൊണ്ടാണെന്നും ആ അച്ചന്റെ സഭയെയാണ് നാദിര്‍ഷ അവഹേളിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. ക്രിസ്ത്യന്‍സഭയോട് വൃത്തിക്കെട്ട രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. അത് ഇനിയുണ്ടാവില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് താന്‍ മുന്നിട്ട് രംഗത്തിറങ്ങുമെന്നും പിസി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

പിസി ജോര്‍ജ് പറഞ്ഞത്: ''നാദിര്‍ഷ എന്ന് പറയുന്ന ആളാണല്ലോ ഈ സിനിമയുമായി ഇറങ്ങിയിരിക്കുന്നത്. അവന്‍ എറണാകുളത്ത് ഒരു വൈദികന്റെ ചിലവില്‍ ജീവിച്ചവനാണ്. അവന്‍ സംസാരിക്കാന്‍ പഠിച്ചതും പ്രശസ്തനായതും അച്ചന്റെ ഔദാര്യം കൊണ്ടാണ്. ആ അച്ചന്റെ സഭയെയാണ് അവന്‍ അവഹേളിക്കുന്നത്. എനിക്ക് പറയാതിരിക്കാന്‍ നിവൃത്തിയില്ല. മലയാള സിനിമയില്‍ വേശ്യയുടെ ഭാഗം അഭിനയിക്കുന്നത് ക്രിസ്ത്യാനി പെണ്ണായിരിക്കും. ഗുണ്ടയുടെ വേഷം ചെയ്യുന്നവരെ ക്രിസ്ത്യാനിയാക്കാന്‍ കഴുത്തില്‍ ഒരു കുരിശ് ഉണ്ടാകും. ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിയിരിക്കുകയാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.''

''ക്രിസ്ത്യാനികളെല്ലാം വ്യഭിചാരികളാണോ. ഇത്രയും മാന്യമായി ജീവിക്കുന്ന സമൂഹം വെറെ എവിടെയുണ്ട്. കേരളത്തില്‍ ഏറ്റവും വലിയ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചവരാണ് ക്രൈസ്തവ സഭകള്‍. ചെയ്യാന്‍ സാധിക്കുന്ന ഉപകാരങ്ങള്‍ ചെയ്ത സഭയോടാണ് ഈ വൃത്തിക്കെട്ടവന്‍മാര്‍ ഈ വൃത്തിക്കെട്ട രീതിയില്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. വൈദികര്‍ പാവങ്ങള്‍ മിണ്ടുമോ. ഞാനും മിണ്ടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ പറഞ്ഞേക്കാം. നാദിര്‍ഷ ഉള്‍പ്പെടെയുള്ള വൃത്തിക്കെട്ടവന്‍മാരോട് ഞാന്‍ പറയുവ. വിടുകേല. ശക്തമായ നടപടിയുണ്ടാകും. മനസിലായോ. എനിക്കിപ്പോള്‍ സമയമുണ്ട്, എംഎല്‍എ അല്ലാത്തത് കൊണ്ട്. അതുകൊണ്ടാണ് ഇറങ്ങി തിരിച്ചിരിക്കുന്നത്. നന്നാക്കിയിട്ടേ ഞാന്‍ പോകുന്നുള്ളൂ.''

''നാദിര്‍ഷ എന്ന മാന്യനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ മുഹമ്മദ് നബി എന്നൊരു പടം പിടിക്കുമോ. തല കാണില്ല അവന്റെ. എന്ത് പറഞ്ഞാലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നും മിണ്ടില്ല, ക്ഷമിക്കും. അതുകൊണ്ട് എന്ത് പോക്രിത്തരവുമാകാം. നാദിര്‍ഷ ഇത് നിര്‍ത്തുന്നതാണ് നല്ലത്. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കരുതി സിനിമ പിടിക്കേണ്ട. കാണിച്ചു തരാം ഞാന്‍. ''-പിസി ജോര്‍ജ് പറഞ്ഞു.

അതേസമയം, വിവാദങ്ങള്‍ക്കൊടുവില്‍ നാദിര്‍ഷ ഈശോ എന്ന പേര് മാറ്റാന്‍ തയ്യാറാണെന്ന് തന്നോട് പറഞ്ഞെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചു.

വിനയന്റെ വാക്കുകള്‍: ''ഈശോ' എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോള്‍ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു..ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെ ഷെയര്‍ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി ഞാന്‍ പങ്കുവച്ചു. 2001ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മുട്ടി നായകനായി അഭിനയിച്ച 'രാക്ഷസരാജാവ്' എന്ന ചിത്രത്തിന്റെ പേര് 'രാക്ഷസരാമന്‍' എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ ശ്രീരാമനേപ്പോലെ നന്‍മയുള്ളവനായ രാമനാഥന്‍ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരു ഞാന്‍ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായത്..''

''സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്‍െ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടന്നു ഞാന്‍ കരുതുന്നില്ല... അല്ലാതെ തന്നെ ധാരാളം വിഷയങ്ങള്‍ അധസ്ഥിതന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍േറതുമായി വേണമെങ്കില്‍ പറയാന്‍ ഉണ്ടല്ലോ?..ഇതിലൊന്നും സ്പര്‍ശിക്കാതെ തന്നെയും സിനിമാക്കഥകള്‍ ഇന്റര്‍സ്റ്റിംഗ് ആക്കാം.. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു... പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരന്‍ നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്‌നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ..''

Next Story