Top

പ്ലസ്ടു മാതൃകയില്‍ പ്ലസ് വണ്‍ പരീക്ഷയും; അധിക ചോദ്യങ്ങളില്‍ നിന്നും ഉത്തരമെഴുതാം

പരീക്ഷാ നടത്തിപ്പിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തുണ്ട്

27 Aug 2021 6:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ്ടു മാതൃകയില്‍ പ്ലസ് വണ്‍ പരീക്ഷയും; അധിക ചോദ്യങ്ങളില്‍ നിന്നും ഉത്തരമെഴുതാം
X

പ്ലസ് ടു പരീക്ഷാ മാതൃകയില്‍ തന്നെ പ്ലസ് വണ്‍ പരീക്ഷ നടത്താനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് അധിക ചോദ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത് ഉത്തരമെഴുത്താന്‍ അവസരമുണ്ടാകും. അതേസമയം പരീക്ഷാ നടത്തിപ്പിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തുണ്ട്.

ഏറെ അനിശ്ചിതത്വത്തിനിടയിലാണ് പ്ലസ് വണ്‍ പരീക്ഷാ തിയതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തിനിടയില്‍ നടന്ന പ്ലസ് ടു പരീക്ഷയുടെ മാതൃകയില്‍ തന്നെയാകും പ്ലസ് വണ്‍ പരീക്ഷകളും നടത്തുക. റെഗുലര്‍ ക്ലാസ്സുകള്‍ നടത്താത്തത്തിനായി, പരീക്ഷയ്ക്ക് ഇരട്ടി ചോദ്യങ്ങള്‍ നല്‍കും. 80 മാര്‍ക്കുള്ള പരീക്ഷയ്ക്ക് 160 മാര്‍ക്കിനുള്ള ചോദ്യങ്ങളും 60 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് 120 മാര്‍ക്കിനുള്ള ചോദ്യങ്ങളും നല്‍കും. അധിക ചോദ്യങ്ങള്‍ ഉള്ളത്തിനാല്‍ ചോദ്യങ്ങള്‍ മനസിലാക്കാന്‍ കൂള്‍ ഓഫ് ടൈം 20 മിനിറ്റാക്കി നല്‍കിയിട്ടുണ്ട്. നിശ്ചിത എണ്ണത്തിന് പുറമെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ മികച്ച സ്‌കോര്‍ ലഭിച്ച ഉത്തരം മൂല്യനിര്‍ണയത്തിനായി പരിഗണിക്കും.
എസ് ഇ ആര്‍ ടി നിശ്ചയിച്ച ഫോക്കസ് ഏരിയയില്‍ നിന്ന് തന്നെ മുഴുവന്‍ മാര്‍ക്ക് നേടാനുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. അധിക ചോദ്യങ്ങള്‍ മറ്റ് പാഠ ഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് ഉത്തരമെഴുതാനാണ് ഫോക്കസ് ഏരിയക്ക് പുറത്തുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഒരു ക്ലാസില്‍ 20 വിദ്യാര്‍ത്ഥികളെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കുക. കോവിഡ് ചികിത്സയ്ക്കായി ഏറ്റെടുത്ത സ്‌കൂളുകളിലെ പരീക്ഷാ നടത്തിപ്പ് സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റും. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തുണ്ടെങ്കിലും പരീക്ഷയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയാണ് പരീക്ഷകള്‍ നടത്തുക. ചൊവാഴ്ച്ച മുതല്‍ ആരംഭിക്കുന്ന മാതൃകാ പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് എഴുതണമെന്നാണ് നിര്‍ദേശം.


Next Story