Top

ഭര്‍തൃഗൃഹത്തിലെ പീഡനം; ജീവനൊടുക്കിയ യുവതിയുടെ കുടുംബത്തിന് പെറ്റി; പരാതി പറയാനും, ചിതാഭസ്മം നിമഞ്ജനം ചെയ്യാനുമുള്ള യാത്രയ്ക്കിടെയും പിഴ

കിഴക്കേ കല്ലട പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് പ്രതികാര നടപടിയാണെന്നും ആക്ഷേപമുണ്ട്.

12 Aug 2021 2:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭര്‍തൃഗൃഹത്തിലെ പീഡനം; ജീവനൊടുക്കിയ യുവതിയുടെ കുടുംബത്തിന് പെറ്റി; പരാതി പറയാനും, ചിതാഭസ്മം നിമഞ്ജനം ചെയ്യാനുമുള്ള യാത്രയ്ക്കിടെയും പിഴ
X

കൊല്ലത്ത് ഭര്‍ത്തൃഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് കല്ലടയാറ്റില്‍ ജീവനൊടുക്കിയ യുവതിയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പെറ്റിയടിച്ചത് രണ്ട് തവണ. ചിതഭസ്മം നിമജ്ജനം ചെയ്യാന്‍ പോയപ്പോഴും പീഡന കേസില്‍ ഡിവൈഎസ്പി ഓഫീസില്‍ പരാതി പറയാന്‍ പോയപ്പോഴും പൊലീസ് നിസാരകാര്യങ്ങള്‍ പറഞ്ഞ് പിഴ ചുമത്തിയെന്നാണ് ആക്ഷേപം. 22 കാരി രേവതി കൃഷ്ണ കടപുഴ പാലത്തില്‍ നിന്ന് ചാടി മരിച്ചെന്ന പരാതിയില്‍ ഒരു അന്വേഷണ പുരോഗതിയും ഇല്ലെന്ന യുവതിയുടെ ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെയാണ് വീട്ടുകാര്‍ക്ക് രണ്ടു തവണ പോലീസ് പെറ്റി ചുമത്തുന്ന നിലയുണ്ടായത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

കിഴക്കേ കല്ലട പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് പ്രതികാര നടപടിയാണെന്നും ആക്ഷേപമുണ്ട്. ഭര്‍തൃഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് കിഴക്കേ കല്ലട പോലീസ് ഇതുവരെ നടത്തിയ അന്വേഷണം തൃപ്തികമല്ലെന്ന് കുടുംബം നിലപാട് എടുത്തിരുന്നു. വിഷയത്തില്‍ ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നല്‍കാന്‍ കുടുംബാംഗങ്ങള്‍ പോകുമ്പോള്‍ ആയിരുന്നു ആദ്യത്തെ പെറ്റി. ഡ്രൈവര്‍ക്കൊപ്പം മുന്നിലുണ്ടായിരുന്ന ആള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആയിരുന്നു പിഴ. യുവതി ചാടി മരിച്ച പാലത്തില്‍ വച്ചു തന്നെയാണ് പെറ്റി എഴുതി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

വാഹനത്തില്‍ ആളുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞാണ് രണ്ടാമത്തെ പിഴ ചുമത്തിയത്. യുവതിയുടെ ചിതാഭസ്മവുമായി പോകുമ്പോഴായിരുന്നു കിഴക്കേ കല്ലട പോലീസിന്റെ തന്നെ രണ്ടാമത്തെ പെറ്റിയെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

ജൂലായ് 29 നായിരുന്നു കിഴക്കേകല്ലട നിലമേല്‍ ബൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കടപുഴ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്. റോഡരുകില്‍ മുട്ട വില്‍പ്പന നടത്തുന്ന സ്ത്രീകളാണ് രേവതി പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത് കണ്ടത്. ഒരു പെണ്‍കുട്ടി താഴേക്ക് ചാടിയെന്ന ഇവരുടെ നിലവിളികള്‍ കേട്ടാണ് പോലീസ് സംഘം ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പോലീസ് വള്ളവുമായി ആറ്റിലിറങ്ങി തിരച്ചില്‍ നടത്തിയാണ് ആഴമുള്ള ഭാഗത്ത് നിന്ന് ശരീരം കണ്ടെത്തിയത്. ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യുവതിയുടെ മരണത്തിന് പിന്നാലെ സ്ത്രീധനത്തെച്ചൊല്ലി തുടര്‍ച്ചയായി ഭര്‍തൃപിതാവും മാതാവും യുവതിയെ മാനസികമായി പീഡിപ്പിച്ചെന്നു കാട്ടിയാണ് നേരത്തെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നത്. അന്വേഷണ പുരോഗതിയില്ലെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിരുന്നു.

Next Story