Top

ആരാണ് മിനിറ്റുകൾക്കുള്ളിൽ ഇ ബുൾ ജെറ്റ് ആരാധകരെ പൊലീസ് സ്റ്റേഷന് മുന്നിലെത്തിച്ചത്? പ്രമുഖ വ്ളോ​ഗർമാർ കുടുങ്ങുമെന്ന് സൂചന

മല്ലു ട്രാവലർ ഉൾപ്പെടെയുള്ള പ്രമുഖ വ്ളോ​ഗർമാർ ഇ ബുൾ ജെറ്റിന്റെ അടുത്ത സുഹൃത്തുക്കളാണ്.

11 Aug 2021 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരാണ് മിനിറ്റുകൾക്കുള്ളിൽ ഇ ബുൾ ജെറ്റ് ആരാധകരെ പൊലീസ് സ്റ്റേഷന് മുന്നിലെത്തിച്ചത്? പ്രമുഖ വ്ളോ​ഗർമാർ കുടുങ്ങുമെന്ന് സൂചന
X

കണ്ണൂർ: ഇ-ബുൾ ജെറ്റ് വ്ളോ​ഗർമാരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങൾ അന്വേഷിക്കാൻ പൊലീസ്. വ്ളോ​ഗർമാരുടെ ആരാധകരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിലും പൊലീസ് സ്റ്റേഷനിലും എത്തിച്ചതാരാണെന്ന കാര്യങ്ങളും അന്വേഷണ പരിധിയിൽപ്പെടുമെന്നാണ് സൂചന. ജെറ്റ് സഹോദരന്മാരുടെ അടുത്ത സുഹൃത്തുക്കളായ പ്രമുഖ വ്ളോ​ഗർമാരെക്കുറിച്ചും പൊലീസ് അന്വേഷിച്ചേക്കും. സംഭവത്തിൽ ഇന്നലെ പൊലീസ് ഒരു അറസ്റ്റ് രേഖപ്പടുത്തിയിരുന്നു.

കൊല്ലം രാമൻ കുളങ്ങര സ്വദേശി റിച്ചാർഡ് റിച്ചു (28) ആണ് അറസ്റ്റിലായത്. 'പൊളി സാനം' എന്ന അപരനാമത്തിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നയാളാണ് റിച്ചാർഡ് റിച്ചു. ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത് തൊട്ടു പിന്നാലെയാണ് റിച്ചു അറസ്റ്റിലായത്. രൂക്ഷമായ അസഭ്യങ്ങൾ നിറഞ്ഞ പ്രയോഗങ്ങളാണ് റിച്ചാർഡ് പൊലീസിന് നേരെയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരെയും ഇയാൾ നടത്തിയത്. ഇ ബുൾ ജെറ്റുകാരെ പിന്തുണച്ച് കൊണ്ടായിരുന്നു തെറിവിളികൾ. പൊലീസിന് നേരെ അക്രമണം നടത്താനും ഇയാൾ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
അതേസമയം വാഹനം തിരികെ നിരത്തിലിറക്കാൻ നിയമപരമായുള്ള അവസരങ്ങൾ ഇ-ബുൾ ജെറ്റുകാർക്ക് ലഭിക്കും. ഇതിൽ പിഴ അടക്കേണ്ടത് നിർണായകമായിരിക്കും. അതെല്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു പോകും. ഇത് കാര്യങ്ങൾ കൂടുതൽ നിയമക്കുരുക്കിലേക്ക് എത്തിക്കുമെന്നാണ് സൂചന. ബീഹാറിൽ സൈറൺ ഉപയോഗിച്ച് ടോൾ പ്ലാസ വെട്ടിച്ചു കടന്നത് ഉൾപ്പെടെ ഇ-ബുൾ ജെറ്റ് വീഡിയോകളിൽ എല്ലാം പരിശോധിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അങ്ങനെ വന്നാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ജെറ്റ് സഹോദരന്മാർ നേരിടേണ്ടി വരും.
ആരാധകരെ സംഘടിപ്പിച്ചതും സോഷ്യൽ മീഡിയയിൽ കലാപാഹ്വാനം നടത്തിയവരെക്കുറിച്ചും സമ​ഗ്രമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തയ്യാറെടുപ്പ്. മല്ലു ട്രാവലർ ഉൾപ്പെടെയുള്ള പ്രമുഖ വ്ളോ​ഗർമാർ ഇ ബുൾ ജെറ്റിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇവർക്കൊന്നും വിഷയത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പ്രാഥമിക വിവരം. പൊലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവും.


Next Story