Top

കേരളം കത്തിയോ? അതോ ഇ-ബുൾ ജെറ്റുകാർക്ക് കൂടുതൽ പണമുണ്ടാക്കാനുള്ള വഴിയൊരുങ്ങിയോ? ചർച്ചകൾ കൊഴുക്കുന്നു

വിവാദങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയാ സ്വാധീനമുള്ളവർക്ക് വരുമാന വർദ്ധനവുണ്ടാകുന്നത് സ്വഭാവികമാണ്

10 Aug 2021 9:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളം കത്തിയോ? അതോ ഇ-ബുൾ ജെറ്റുകാർക്ക് കൂടുതൽ പണമുണ്ടാക്കാനുള്ള വഴിയൊരുങ്ങിയോ? ചർച്ചകൾ കൊഴുക്കുന്നു
X

സമൂഹിക മാധ്യമങ്ങൾ കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന ചർച്ചകൾ‍ ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ എന്നറിയപ്പെടുന്ന വ്ളോ​ഗർമാരെക്കുറിച്ചാണ്. മോട്ടോർ വാഹന വകുപ്പ് ഇരുവരുടെയും കാരവാൻ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പിഴയൊടുക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനമുള്ള ജെറ്റ് സഹോദരന്മാർ കലാപാഹ്വാനം നടത്തിയെന്ന് വരെ വിമർശനങ്ങളുണ്ടായി. ലഘുവായി പരിഹരിക്കേണ്ട വിഷയം വലിയ മാധ്യമ ശ്രദ്ധയും പിടിച്ചുപറ്റി.

സാമൂഹിക മാധ്യമങ്ങളിൽ സ്വാധീനമുള്ളവർ ഉത്തരവാദിത്വ പൂർണമായി പെരുമാറിയില്ലെന്ന് ആക്ഷേപവും കേരളാ പൊലീസ് ഉന്നയിക്കുന്നുണ്ട്. ജെറ്റ് സഹോദരന്മാരെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ വൈകാരികമായി സംസാരിച്ച കുട്ടികൾ ഉൾപ്പെടെയുള്ളവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പുതിയ വിവരം. കാര്യങ്ങൾ ദ്രുത​ഗതിയിൽ മാറിമിറിഞ്ഞു. കലാപാഹ്വാനങ്ങൾക്കെതിരെ നിയമ നടപടികളുണ്ടാകുമെന്ന് കണ്ടതോടെ പലരും വീഡിയോകൾ പിൻവലിക്കുകയും ചെയ്തു. രണ്ടാം ലോക്ഡൗണിൽ കേരളാ പൊലീസ് പിഴയായി വാങ്ങിയത് ഏതാണ്ട് 125 കോടി രൂപയാണെന്ന് വസ്തുതയും മറ്റൊരു വശത്തുണ്ട്.
കേസിൽ ജെറ്റ് സഹോദരന്മാരുടെ അഭിഭാഷകന്റെ പ്രതികരണം.
'വാഹന രൂപമാറ്റത്തിൽ ആർടിഒ നടപടിയെടുക്കുന്നത് സ്വാഭാവികമാണ്. അത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. അങ്ങനെ നിയമം ലംഘിക്കപ്പെട്ടുവെങ്കിൽ അതിനെ നിയമപരമായി നേരിടാതെ മറ്റൊരു നിയമലംഘനം കൊണ്ട് നേരിടുന്നുവെന്നതാണ് കാതലായ വിഷയം. ഒരു ഭീകരവാദിയെയോ തീവ്രവാദിയെയോ നേരിടുന്നത് പോലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാത്ത വകുപ്പും പൊതുമുതൽ നശിപ്പിച്ചതും ഉൾപ്പെടെ ചുമത്തിയാണ് പ്രതികളാണെന്ന് ആരോപിക്കപ്പെടുന്നവരുടെ കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി പീഡിപ്പിച്ചത്. ഇവർ ആക്രമിക്കപ്പെട്ടുവെന്നാണ് എഫ് ഐആറിനൊപ്പമുള്ള ജില്ലാആശുപത്രിയിലെ ഡോക്ടറും റിപ്പോർട്ടിൽ നിന്നും മനസിലാവുന്നത്. നശിപ്പിച്ചുണ്ടോ ഇല്ലോയോ എന്നല്ല, അങ്ങനെയുണ്ടെങ്കിൽ ആ പിഴ ചുമത്താൻ തയ്യാറാണെന്നും കോടതിയെ അറിയിച്ചു.'

​കത്തിക്കാൻ നോക്കിയവർ കുടുങ്ങും
ലിബിനെയും എബിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ കലാപാഹ്വാനങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കാനാണ് പൊലീസിന്റ തീരുമാനം. അറസ്റ്റ് നടന്ന ഇന്നലെ മുതൽ സോഷ്യൽ മീഡിയകളിൽ മോട്ടോർ വാഹന വകുപ്പിനെതിരെയും പൊലീസിനെതിരെയും വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. അധിക്ഷേപിക്കൽ മാത്രമല്ല, കലാപാഹ്വാനവും തെറിവിളിയുമായി സോഷ്യൽമീഡിയയിലെ ഒരു വിഭാഗം യൂട്യൂബർമാരും രം​ഗത്തു വന്നിട്ടുണ്ട്. 'നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും', 'ഇന്ന് ജെറ്റ് സഹോദരൻമാരെ പിടിച്ചു, നാളെ നമ്മളെയും അവർ കുടുക്കും', 'ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാൻ പാടില്ല' തുടങ്ങിയ പരാമർശങ്ങളാണ് ചില യുട്യൂബർമാർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ സംസാരിക്കുന്നവരിൽ 20 വയസ്സിനുള്ളിൽ വരുന്ന യുവാക്കളാണ് കൂടുതലും. നിയമ വശങ്ങളോ മറ്റോ അറിയാതെയുള്ള കുട്ടികളുടെ ഈ പെരുമാറ്റത്തിലും ഔദ്യോഗിക തലത്തിൽ ആശങ്കയുണ്ട്.

ജെറ്റിന്റെ വരുമാനം വർധിക്കുമോ ?
വിവാദങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയാ സ്വാധീനമുള്ളവർക്ക് വരുമാന വർദ്ധനവുണ്ടാകുന്നത് സ്വഭാവികമാണ്. നേരത്തെ സുജിത്ത് ഭക്തൻ, മല്ലു ട്രാവലർ, ഇ-ബുൾ ജെറ്റ് വിവാദങ്ങൾക്ക് പിന്നാലെ ലിബിൻ എബിൻ സഹോദരങ്ങളുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ​ഗണ്യമായി വർദ്ധിച്ചിരുന്നു. മറുവശത്ത് സുജിത്ത് ഭക്തന്റെ ഫോളോവേഴ്സ് എണ്ണത്തിൽ കുറവുമുണ്ടായി. പിന്നാലെ ലോ​ക്ഡൗണിലെ ബീഹാർ വിവാദവും ഇരുവർക്കും ​ഫോളോവേഴ്സിനെ നേടികൊടുത്തു. കേരളത്തിൽ ഇന്ന് വീട്ടമ്മമാർ മുതൽ എല്ലാവർക്കും ജെറ്റ് സഹോദരന്മാരെക്കുറിച്ച് വ്യക്തമായി അറിയാവുന്ന തരത്തിലേക്ക് പുതിയ വിവാദം എത്തുകയാണ്. ഇത് ഇരുവർക്കും ​ഗുണകരമാവുമെന്നാണ് സോഷ്യൽ മീഡിയാ വിലയിരുത്തൽ.


Next Story