Top

'പറഞ്ഞത് കേട്ടില്ലെങ്കില്‍ ജീവിതം നശിക്കും, കള്ളകേസ് കുടുക്കി അകത്താക്കും'; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുള്‍ ജെറ്റ്

തല്‍പ്പര കക്ഷികള്‍ വേട്ടയാടുന്നുവെന്നായിരുന്നു അഡ്വക്കറ്റ് പ്രതികരിച്ചത്

27 Aug 2021 4:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പറഞ്ഞത് കേട്ടില്ലെങ്കില്‍ ജീവിതം നശിക്കും, കള്ളകേസ് കുടുക്കി അകത്താക്കും; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുള്‍ ജെറ്റ്
X

പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഇ ബുള്‍ ജെറ്റ് സഹോദരന്മാരായ ലിബിനും എബിനും. പൊലീസിനെതിരെ കോടതിയിലോ മറ്റെവിടെയെങ്കിലുമോ മൊഴി നല്‍കിയാല്‍ കള്ളകേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ഇവര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നത്.

'ഫോണുകളും ക്യാമറുകളും പിടിച്ചുവച്ചിരിക്കുകയാണ്. പൊലീസ് അടിച്ചെന്ന് കോടതിയില്‍ ഉള്‍പ്പെടെ എവിടേയും പറയാന്‍ പാടില്ല. അങ്ങനെ മുന്നോട്ട് പോയികഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അടുത്ത കേസ് വരും. ഞങ്ങള്‍ പറയുന്നത് കേള്‍ക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ ജീവിതം നശിച്ച് പോവും. പൊലീസിനെതിരെ വാക്ക് സംസാരിക്കരുത്. വകുപ്പിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഇല്ലാത്ത കേസ് ഉണ്ടാക്കി ഉള്ളില്‍ ഇടും. കഴിഞ്ഞ ദിവസം ഒപ്പിടാന്‍ പോയാലും ഇത് തന്നെയാണ് പറഞ്ഞത്.' പൊലീസിനെ ഉദ്ധരിച്ച് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പറഞ്ഞു.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നോട്ടീസ് നിലനില്‍ക്കുന്നതല്ലെന്നുമാണ് ഇരുവരുടേയും വാദം.
എന്നാല്‍ ഇവരെ ചില തല്‍പ്പര കക്ഷികള്‍ വേട്ടയാടുന്നുവെന്നായിരുന്നു അവരുടെ അഡ്വക്കറ്റ് പ്രതികരിച്ചത്. ഇത് കാരവന്‍ ഉപയോഗിച്ചുവെന്നതിന്റെ പേരില്‍ വന്ന കേസ് അല്ലെന്നും തല്‍പരകക്ഷികളായിട്ടുള്ള പലരുടേയും കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഇരുവരേയും പ്രയാസം കൂടാതെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും അഡ്വക്കേറ്റ് പ്രതികരിച്ചു.


Next Story