Top

'ഭീകരവാദികളെ പോലെയാണ് ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ നേരിട്ടത്, ആക്രമിക്കപ്പെട്ടു': അഭിഭാഷകന്‍

കേസില്‍ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാദം കേട്ടതിന് പിന്നാലെയാണ് പ്രതികരണം

10 Aug 2021 8:05 AM GMT
അനുശ്രീ പി.കെ

ഭീകരവാദികളെ പോലെയാണ് ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ നേരിട്ടത്, ആക്രമിക്കപ്പെട്ടു: അഭിഭാഷകന്‍
X

കണ്ണൂര്‍ കളക്ടേറ്റിലെ ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ തീവ്രവാദികളെ പോലെയാണ് പൊലീസ് നേരിട്ടതെന്ന് അഭിഭാഷകന്‍. നിയമം ലംഘിക്കപ്പെട്ടുവെങ്കില്‍ അതിനെ നിയമപരമായി നേരിടാതെ മറ്റൊരു നിയമലംഘനം കൊണ്ട് നേരിടുന്നുവെന്നതാണ് ഇവിടുത്തെ കാതലായ വിഷയമെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'വാഹന രൂപമാറ്റത്തില്‍ ആര്‍ടിഒ നടപടിയെടുക്കുന്നത് സ്വാഭാവികമാണ്. അത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. അങ്ങനെ നിയമം ലംഘിക്കപ്പെട്ടുവെങ്കില്‍ അതിനെ നിയമപരമായി നേരിടാതെ മറ്റൊരു നിയമലംഘനം കൊണ്ട് നേരിടുന്നുവെന്നതാണ് കാതലായ വിഷയം. ഒരു ഭീകരവാദിയെയോ തീവ്രവാദിയെയോ നേരിടുന്നത് പോലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാത്ത വകുപ്പും പൊതുമുതല്‍ നശിപ്പിച്ചതും ഉള്‍പ്പെടെ ചുമത്തിയാണ് പ്രതികളാണെന്ന് ആരോപിക്കപ്പെടുന്നവരുടെ കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി പീഡിപ്പിച്ചത്. ഇവര്‍ ആക്രമിക്കപ്പെട്ടുവെന്നാണ് എഫ് ഐആറിനൊപ്പമുള്ള ജില്ലാആശുപത്രിയിലെ ഡോക്ടറും റിപ്പോര്‍ട്ടില്‍ നിന്നും മനസിലാവുന്നത്. നശിപ്പിച്ചുണ്ടോ ഇല്ലോയോ എന്നല്ല, അങ്ങനെയുണ്ടെങ്കില്‍ ആ പിഴ ചുമത്താന്‍ തയ്യാറാണെന്നും കോടതിയി അറിയിച്ചു.' അഭിഭാഷകന്‍ പറഞ്ഞു.

കേസില്‍ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാദം കേട്ടതിന് പിന്നാലെയാണ് പ്രതികരണം.

ഇരുവര്‍ക്കും ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ ഉച്ചക്ക് അന്തിമ തീരുമാനം ഉണ്ടാവും. ഇന്നലെയാണ് ബുള്‍ ജെറ്റ് ബ്രദേഴ്സ് എന്ന പേരിലറിയപ്പെടുന്ന ലിബിനെയും എബിനെയും കണ്ണൂര്‍ മുന്‍സിഫ് കോടതി റിമാന്റ് ചെയ്തത്. ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കൊവിഡ് മനദണ്ഡങ്ങള്‍ ലംഘിച്ചതിനുമാണ് നടപടി. ഇരുവരും ഫോളോവേഴ്സിനൊപ്പം ആര്‍ടി ഓഫിസിലെത്തി സംഘര്‍ഷം സൃഷ്ടിച്ചതോടെയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയത്.

അള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാഹനം കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇരുവരും വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാരും ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇരുവരുടേയും ബ്രദേഴ്സിന്റെ അറസ്റ്റില്‍ പ്രകോപന പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടായേക്കും. വിഷയത്തില്‍ സഭ്യമല്ലാത്ത പ്രതികരണങ്ങള്‍ നടത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഇവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനു മുന്നില്‍ തമ്പടിച്ച 17 പേരെ കൊവിഡ് പ്രോട്ടക്കോള്‍ ലംഘിച്ചെന്നും നിയമ വിരുദ്ധമായി സംഘടിച്ചെന്നും ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Next Story