Top

'പാലാ ബിഷപ്പിന്റേത് അതിരുകടന്ന പ്രസ്താവന, വിഭാഗീയത വളര്‍ത്താന്‍ അനുവദിക്കില്ല'; പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ

ആയുധം ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ ഈ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു

10 Sep 2021 4:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലാ ബിഷപ്പിന്റേത് അതിരുകടന്ന പ്രസ്താവന, വിഭാഗീയത വളര്‍ത്താന്‍ അനുവദിക്കില്ല; പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ
X

ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ആയുധം ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ ഈ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണെന്നും കത്തോലിക്കാ കുടുംബങ്ങള്‍ ഇതിനെതിരെ കരുതിയിരിക്കണമെന്നാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ഇത്തരം പ്രസ്താവന അപകടകരമാണ്.

കേരളത്തിന്റെ സമാധാന അന്തരീക്ഷവും മത സൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം പ്രസ്താവന ഒരു മതമേലാധ്യക്ഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് അത്യന്തം അപകടകരമാണ്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒരുമയോടെ നിലനില്‍ക്കുന്ന സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കാനാവില്ല. അതിരുകടന്ന പ്രസ്താവന പാലാ ബിഷപ്പ് പിന്‍വലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആകരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്റെ നിറമുണ്ടെന്ന് കാണരുതെന്നും അതിന്റെ നിറം സാമൂഹ്യവിരുദ്ധതയുടേതാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മതപരമായ വേര്‍തിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണം: ''നാര്‍ക്കോട്ടിക്ക് ജിഹാദ് ഇത് നമ്മള്‍ ആദ്യമായി കേള്‍ക്കുന്നതാണെന്ന് തോന്നുന്നു. അങ്ങനെയൊരു പദം നേരത്തെ കേട്ടില്ല. നാര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. സമൂഹത്തെ ആകെ ബാധിക്കുന്നതാണ്. അതുകൊണ്ട് അതിനെ തടയാന്‍ ആവശ്യമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുന്നുണ്ട്.''

''നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്റെ നിറമുണ്ടെന്ന് കാണരുത്. അതിനുള്ള നിറം സാമൂഹ്യവിരുദ്ധതയുടേതാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. സാധാരണനിലയില്‍ ഇങ്ങനെയൊരു നിലപാടാണ് നമ്മള്‍ എടുക്കേണ്ടത്. ഇതില്‍ ബിഷപ്പ് ഉദേശിച്ചത് എന്താണെന്ന് വ്യക്തമല്ല. പറയാനുള്ള സാഹചര്യവും മനസിലാകുന്നില്ല. പക്ഷെ നമ്മള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മതപരമായ വേര്‍തിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ നാടിന്റെ പ്രത്യേകത വച്ച്.''

Next Story