'കോണ്‍ഗ്രസ്സ്, ബിജെപി, ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവ്'; ചിന്താ ജെറോമിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഡിവൈഎഫ്ഐ
20 Aug 2021 7:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണുമായ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ കാണ്‍ഗ്രസ്സ്,ബിജെപി,ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവമെന്ന് ഡിവൈഎഫ്ഐ. മികച്ച നേട്ടം കൈവരിച്ച ചിന്ത ജെറോമിനെ അഭിനന്ദിക്കുന്നതിന് പകരം ആക്രമിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമായാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
ചിന്താ ജെറോമിനെതിരെ മുന്‍പും സൈബര്‍ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സമീപ കാലത്തു ചില കേന്ദ്രങ്ങള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രസ്താവനയുടെ പൂര്‍ണരൂപം-
ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണുമായ ചിന്താ ജെറോമിനു എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കോണ്‍ഗ്രസ്സ്,ബിജെപി,ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണ്. കേരളാ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ചിന്താ ജെറോമിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉയര്‍ത്തി ആക്രമിക്കാന്‍ ശ്രമം നടക്കുകയാണ് .ഇത്ആസൂത്രിതമാണ്. ഡിവൈഎഫ്ഐക്കും ഇടതുപക്ഷത്തിനും എതിരായ സൈബര്‍ ആക്രമണം എന്നതിലുപരി ഈ നടക്കുന്ന പ്രചാരണങ്ങളില്‍ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിഫലിക്കുന്നു.
ഗവേഷണ സമയത്തു യുവജനകമ്മീഷന് അധ്യക്ഷ പദവി വഹിച്ചിരുന്നതിനാല്‍ ജെആര്‍എഫ് ആനുകൂല്യങ്ങള്‍ ഒന്നും കൈപ്പറ്റിയിരുന്നില്ല.പാര്‍ട്ട് ടൈം ആക്കിമാറ്റുകയും ചെയ്തിരുന്നു.തികച്ചും നിയമപരമായി തന്നെയാണ് ഗവേഷണം അവര്‍ പൂര്‍ത്തിയാക്കിയത്.യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷയിലൂടെ ജെആര്‍എഫ് കരസ്ഥമാക്കി ഇംഗ്ലീഷില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത് തികച്ചും അഭിനന്ദനാര്‍ഹമായ കാര്യമാണ്.എന്നാല്‍ അഭിനന്ദിക്കുന്നതിന് പകരം ആക്രമിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമായാണ്. ഇത് അംഗീകരിക്കാനാകില്ല.
കല്‍പ്പിത കഥകളുണ്ടാക്കി ചിന്താ ജെറോമിനെതിരെ മുന്‍പും സൈബര്‍ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് പ്രതിഷേധാര്‍ഹമാണ്.സമീപ കാലത്തു ചില കേന്ദ്രങ്ങള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.