Top

ഹരിത: 'ലീഗിന്റെ സ്ത്രീവിരുദ്ധയോട് യോജിപ്പോ?' കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എഎ റഹീം

ഹരിത വിവാദം അവസാനിച്ചതായി ലീഗ് മാത്രമാണ് ഏകപക്ഷീയമായി വിശ്വസിക്കുന്നത്

28 Aug 2021 9:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിത: ലീഗിന്റെ സ്ത്രീവിരുദ്ധയോട് യോജിപ്പോ? കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എഎ റഹീം
X

ഹരിത നേതാക്കളുടെ പരാതി മുസ്ലിംലീഗിന്റെ ആഭ്യന്തര പ്രശ്‌നമല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. വിവാദം അവസാനിച്ചതായി ലീഗ് ഏകപക്ഷീയമായി വിശ്വസിക്കുന്നു. എന്നാല്‍ ഹരിതയിലൂടെ മുസ്ലിം ലീഗിന്റെ സ്ത്രീവിരുദ്ധതയാണ് പുറത്തായതായിരിക്കുന്നത്. ലീഗിന്റെ ഈ അപരിഷ്‌കൃത - സ്ത്രീ വിരുദ്ധ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എ എ റഹിം ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്തവന അപരിഷ്‌കൃതവും ആധുനിക സമൂഹത്തിന് ചേരാത്തതുമാണെന്നും റഹീം പ്രതികരിച്ചു. കെപിസിസി അധ്യക്ഷനായി പേര് പരാമര്‍ശിച്ചപ്പോള്‍ തന്നെ തനിക്കെതിരെ വന്ന ആരോപണം കൊടിക്കുന്നില്‍ മറക്കരുതെന്നും റഹീം പറഞ്ഞു.
ആര് ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തിപരമായ കാര്യമാണ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് കൊടിക്കുന്നില്‍ സുരേഷോ, സുധാകരനോ ആണോ? സ്ത്രീ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് കൊടുക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനയെന്നും എ എ റഹീം പറഞ്ഞു.
Next Story