Top

'തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില്‍ സഖാക്കള്‍ കുടുങ്ങരുത്'; രജതജൂബിലി ആഘോഷത്തില്‍ വിവാദത്തിനില്ലെന്ന് തോമസ് ഐസക്

പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില്‍ കുടുങ്ങരുതെന്നും തോമസ് ഐസക് മുന്നറിയിപ്പ് നല്‍കി

16 Aug 2021 6:58 AM GMT
അനുശ്രീ പി.കെ

തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില്‍ സഖാക്കള്‍ കുടുങ്ങരുത്; രജതജൂബിലി ആഘോഷത്തില്‍ വിവാദത്തിനില്ലെന്ന് തോമസ് ഐസക്
X

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനചടങ്ങുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിവാദത്തിനില്ലെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. ചടങ്ങില്‍ നിന്നും താന്‍ പിന്മാറിയെന്നുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്നും ഓണ്‍ലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകള്‍ അറിയിക്കുമെന്നും തോമസ് ഐസക് വിശദീകരിച്ചു. ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങരുതെന്നും തോമസ് ഐസക് മുന്നറിയിപ്പ് നല്‍കി.


ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ക്ഷണത്തത്തില്‍ തോമസ് ഐസക്കിന് മുപ്പതാം സ്ഥാനമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും ഇതില്‍ പ്രതിഷേധിച്ച് തോമസ് ഐസക് പരിപാടിയില്‍ നിന്നും പിന്മാറിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം.

തോമസ് ഐസകിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-

ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റില്‍ അവിടെ സംസാരിച്ച മുഴുവന്‍പേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതില്‍ സംഘാടകരായ എന്റെയോ അനിയന്റെയോ പേരില്ല. ഞങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിന്റെ പ്രോട്ടോക്കോളില്‍ നടന്നു. ഇന്ന് 25-ാം വാര്‍ഷികവും അങ്ങനെ തന്നെ.
അതുകൊണ്ട് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് മാധ്യമ സുഹൃത്തുക്കള്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചടങ്ങില്‍ നിന്ന് ഞാന്‍ പിന്മാറിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ അസംബന്ധമാണ്. ചടങ്ങില്‍ ഞാന്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകള്‍ അറിയിക്കുകയും ചെയ്യും. ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില്‍ കൂടുങ്ങരുതെന്ന് പാര്‍ട്ടി സഖാക്കളോടും പാര്‍ട്ടി ബന്ധുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.


Next Story