Top

മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തിയെന്ന് സരിത്ത്; പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥനില്‍ നിന്നും പാക്കറ്റ് കൈപ്പറ്റിയത് താനെന്നും മൊഴി

11 Aug 2021 7:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തിയെന്ന് സരിത്ത്; പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥനില്‍ നിന്നും പാക്കറ്റ് കൈപ്പറ്റിയത് താനെന്നും മൊഴി
X

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് വ്യക്തമാക്കി സരിത്തിന്റെ മൊഴി. കസ്റ്റംസ് സരിത്തിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് മൊഴി സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കിടെ ഡോളര്‍ കടത്തിയെന്നാണ് പരാമര്‍ശം. കസ്റ്റംസ് സരിത്തിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പുറത്തായി.

നേരത്തെ ഡോളര്‍ കടത്ത് കേസിലെ കസ്റ്റംസ് ഷോക്കോസ് നോട്ടീസില്‍ സ്വപ്നയുടെ മൊഴിയിലും സമാനമായ പരാമര്‍ശം ഉണ്ടായിരുന്നു. പിണറായി വിജയില്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ല്‍ നടത്തിയ ആദ്യ യുഎഇ യാത്രയാണ് സ്വപ്‌നയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്നത്. ഈ യാത്രയ്ക്കിടെ യുഎഇ കോണ്‍സുലേറ്റിലെ അഹമ്മദ് അല്‍ദൗഖി എന്ന നയതന്ത്രജ്ഞന്‍ വഴി വിദേശ കറന്‍സി കടത്തിയതെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.

പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് സരിത്താണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് കൈപറ്റിയത് എന്നുമാണ് മൊഴി. സമാനമായ മൊഴി സരിത്തും നല്‍കിയതായി കസ്റ്റംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പണമടങ്ങിയ പാക്കറ്റ് യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. സരിത്ത് തന്നെയാണ് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത് എന്നും മൊഴിയില്‍ പറയുന്നു.

ഹരികൃഷ്ണന്‍ കൈമാറിയ പാക്കറ്റില്‍ ഒരു ബണ്ടില്‍ കറന്‍സി ഉണ്ടെന്ന് എക്‌സ് റേ സ്‌കാനിംഗില്‍ കണ്ടെത്തിയിരുന്നു. ഈ ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നുമായിരുന്നു സരിത്തിന്റെ മൊഴി. അതേസമയം, പാക്കറ്റിനെ കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ യുഎഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു ഇതിലെന്നാണ് ശിവശങ്കറിന്റെ വിശദീകരണം.

Next Story