Top

'ഉന്നയിച്ചത് ന്യായമായ ആവശ്യം, തൊഴിലാളികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്'; ലീഗ് നേതൃത്വത്തിനെതിരെ ചന്ദ്രിക ജീവനക്കാര്‍

10 Aug 2021 8:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉന്നയിച്ചത് ന്യായമായ ആവശ്യം, തൊഴിലാളികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്; ലീഗ് നേതൃത്വത്തിനെതിരെ ചന്ദ്രിക ജീവനക്കാര്‍
X

ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജീവനക്കാരിലെ ചിലര്‍ തന്നെയാണ് എന്ന മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. ചന്ദ്രിക ജീവനക്കാരുടെ കോ ഓഡിനേഷന്‍ കമ്മറ്റിയാണ് പിഎംഎ സലാമിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. ന്യായമായ അവകാശം മാത്രമേ ഉന്നയിച്ചിട്ടുള്ളൂവെന്നും തൊഴിലാളികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും ചന്ദ്രിക ജീവനക്കാരുടെ കോ ഓഡിനേഷന്‍ കമ്മറ്റി വ്യക്തമാക്കി.

തൊഴിലാളികള്‍ അവരുടെ ന്യായമായ അവകാശങ്ങള്‍ക്കും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള തൊഴിലാളികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്ന് ചന്ദ്രികയില്‍ ചേര്‍ന്ന കെയുഡബ്ല്യൂജെ കെഎന്‍ഇഎഫ് സംയുക്ത കോ ഓഡിനേഷന്‍ ജനറല്‍ ബോഡി യോഗം നിലപാട് എടുത്തു. വാര്‍ത്താകുറിപ്പിലാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പിഎംഎ സലാമിന്റെ വിവാദ പ്രസ്ഥാവന. അതേസമയം സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഫിനാന്‍സ് ഡയറക്ടര്‍ സമീറിനെ സംരക്ഷിക്കുന്നതിലും ജീവനക്കാര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ട്.

ചന്ദ്രികയില്‍ ആരും കള്ളപ്പണം കൊണ്ടുവെച്ചിട്ടില്ല. ഈ വിഷയത്തില്‍ ഫിനാന്‍സ് ഡയറക്ടറെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സലാം പറഞ്ഞു. കൊവിഡ് കാലത്ത് കേരളത്തിലെ പല കമ്പനികള്‍ക്കും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ചന്ദ്രികയ്ക്കും ഉണ്ടായത്. അത് പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ് എന്നായിരുന്നു പിഎംഎ സലാം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത്.

Next Story