Top

കെപിസിസി പുനഃസംഘടനയില്‍ ഒരു വിഭാഗത്തിന് അതൃപ്തി; വിഷ്ണുനാഥിനും മാത്യു കുഴല്‍ നാടനും ഉള്‍പ്പെടെ പദവി നഷ്ടപ്പെട്ടേക്കും

കെപിസിസി പുനഃസംഘടനാ മാനദണ്ഡങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കള്‍

16 Sep 2021 6:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസി പുനഃസംഘടനയില്‍ ഒരു വിഭാഗത്തിന് അതൃപ്തി; വിഷ്ണുനാഥിനും മാത്യു കുഴല്‍ നാടനും ഉള്‍പ്പെടെ പദവി നഷ്ടപ്പെട്ടേക്കും
X

കെപിസിസി പുനഃസംഘടനാ മാനദണ്ഡങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കള്‍. ജനപ്രതിനിധികളെയും മുതിര്‍ന്ന നേതാക്കളെയും ഒഴിവാക്കി കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഒരു വിഭാഗം നേതാക്കളെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്നുമാണ് ആക്ഷേപം. ഇതിനെതിരെയാണ് നിലവിലെ കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ അതൃപ്തി പ്രകടിപ്പിക്കുന്നത്.

ഒരേ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വൈസ് പ്രസിഡണ്ടുമാരേയും, ജനറല്‍ സെക്രട്ടറിമാരെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടന്നാണ് കെപിസിസിയുടെ തീരുമാനം. അങ്ങനെ വരുമ്പോള്‍ പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍, തമ്പാനൂര്‍ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, സജീവ് ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ജയ്സണ്‍ ജോസഫ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് പദവി നഷ്ടപ്പെടുക. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ഡിസിസി അധ്യക്ഷന്മാരെ ഭാരവാഹി ആക്കേണ്ടതില്ലെന്നുമാണ് മാനദണ്ഡം. ഒരാള്‍ക്ക് ഒരു പദവി നടപ്പിലാക്കുമ്പോള്‍ ജനപ്രതിനിധികള്‍ പൂര്‍ണ്ണമായും തഴയപ്പെടുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ കെപിസിസി ഭാരവാഹികളില്‍ ഭൂരിഭാഗവും ഉമ്മന്‍ചാണ്ടിയേയും രമേശ്ചെന്നിത്തലയേയും പിന്തുണയ്ക്കുന്നവരാണ്. ഈ മാനദണ്ഡം നടപ്പിലാക്കുന്നതിലൂടെ മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടിയിലെ സ്വാധീനം കുറയ്ക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. പക്ഷെ മാനദണ്ഡങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ആരും തയ്യാറായിട്ടില്ല. അതേസമയം മാനദണ്ഡങ്ങള്‍ കെപിസിസി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ക്കും ബാധകമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കെപിസിസി അദ്ധ്യക്ഷന്‍ സുധാകരനും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധിഖ്, പി.ടി തോമസ് എന്നിവര്‍ ജനപ്രതിനിധികളാണെന്ന് മാനദണ്ഡങ്ങളെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പുനസംഘടന ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് കെപിസിസി നേതൃത്വം ലക്ഷ്യമിടുന്നത്. അതേസമയം ഭാരവാഹിപട്ടിക പുറത്തുവരുന്നതോടെ അസംതൃപ്തര്‍ കലാപക്കൊടി ഉയര്‍ത്താനാണ് സാധ്യത.

Next Story