Top

രണ്ട് സാധ്യതകള്‍ പരിശോധിക്കുന്നു; സ്‌കൂള്‍ തുറക്കുന്നതിലേക്കുതന്നെയാണ് ചര്‍ച്ചകള്‍ നീങ്ങുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി

8 Aug 2021 12:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ട് സാധ്യതകള്‍ പരിശോധിക്കുന്നു; സ്‌കൂള്‍ തുറക്കുന്നതിലേക്കുതന്നെയാണ് ചര്‍ച്ചകള്‍ നീങ്ങുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി
X

കൊവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. സ്‌കൂളുകള്‍ ഒറ്റയടിക്ക് തുറക്കാതെ കുട്ടികളിലെ വാക്‌സിനേഷന്‍ ഉള്‍പ്പെടെ പുര്‍ത്തിയാക്കിയായിരിക്കും ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും വി ശിവന്‍ കുട്ടി വ്യക്തമാക്കുന്നു. മനോരമയ്ക്ക നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സ്‌കൂളുകള്‍ തുറക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥയും പരിഗണിക്കണം. കൂടാതെ വാക്‌സിനേഷന്‍, രോഗവ്യാപനം ഇവയെല്ലാം കണക്കിലെടുത്തേ അന്തിമ തീരുമാനമെടുക്കുകയുള്ളു. നിലവില്‍ രണ്ട് സാധ്യതകളാണ് വകുപ്പ് പരിശോധിക്കുന്നത്. ആദ്യം മുതിര്‍ന്ന ക്ലാസുകള്‍ തുറക്കാം എന്നതാണ് ആദ്യത്തേത്. ചെറിയ ക്ലാസില്‍ ആരംഭിക്കുന്നതാണ് ഉചിതം എന്ന അഭിപ്രായവുമുണ്ട്. ഒന്നു മുതല്‍ മൂന്നു വരെ ക്ലാസിലെ കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന പഠനങ്ങളും നമുക്ക് മുന്നിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങളിലെ മാതൃകയും പ്രോട്ടോക്കോളും പരിശോധിച്ചായിരിക്കും ഇതില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു എന്നും മന്ത്രി വ്യക്തമാക്കുന്നത്.

നിലവിലെ പഠന രീതികളില്‍ നേരിട്ട് ഇരുന്നു സംസാരിക്കുന്നതിന്റെയും ഫോണില്‍ കൂടി സംസാരിക്കുന്നതിന്റെയും വ്യത്യാസം നിലനില്‍ക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുസ്തകവുമായി അകല്‍ച്ച കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കണം എന്ന അഭിപ്രായമാണ് ഭൂരിപക്ഷം അധ്യാപകര്‍ക്കുമുള്ളത്. സ്‌കൂള്‍ തുറക്കുന്നതിലേക്ക് തന്നെ ചര്‍ച്ച പോകേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

Next Story