Top

എ.എം ആരിഫ് പറഞ്ഞത് നുണ? പരാതി നൽകുന്ന കാര്യം താനറിഞ്ഞിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി, കുരുക്ക്

15 Aug 2021 1:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എ.എം ആരിഫ് പറഞ്ഞത് നുണ? പരാതി നൽകുന്ന കാര്യം താനറിഞ്ഞിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി, കുരുക്ക്
X

ആലപ്പുഴ: അരൂർ-ചേർത്തല ദേശീയപാത വിവാദം കൂടുതൽ വഴിത്തിരിവിലേക്ക്. പാർട്ടിയോട് ആലോചിക്കാതെയാണ് എഎം ആരിഫ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വെളിപ്പെടുത്തി. പാർട്ടി ജില്ലാ സെക്രട്ടറിയെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന കാര്യം അറിയിച്ചിരുന്നതായി എഎം ആരിഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്നാണ് പുതിയ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.

ചേർത്തല ദേശീയപാതയുടെ ശോച്യാവസ്ഥ പിഡബ്ല്യുഡി വിജിലൻസ് അന്വേഷിച്ചത് താൻ അറിഞ്ഞിരുന്നില്ല. ജനങ്ങൾ ഉന്നയിച്ച പരാതി താൻ ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്ന് നേരത്തെ ആരിഫ് വിശദീകരിച്ചിരുന്നു. നാട്ടുകാർ തന്നോട് ആവിശ്യപ്പെട്ട കാര്യം മാത്രമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ പാർട്ടി സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. ഇതിൽ തന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ പാർട്ടി പരിശോധിക്കാൻ പാർട്ടി അധികാരമുണ്ട് എ.എം ആരിഫ് വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം ദേശീയ പാത ടാറിങ് വിവാദത്തിൽ എഎം ആരിഫ് എംപിയെ തള്ളി സജി ചെറിയാനും രം​ഗത്തുവന്നിരുന്നു. റോഡ് നിർമ്മാണത്തിലെ പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരിഫ് ആവശ്യപ്പെട്ട വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയതാണ്. വെള്ളക്കെട്ടാണ് പ്രശ്‌നമെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ്. ആരിഫിന് ഈ വിഷയത്തിൽ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

ദേശീയപാതയിൽ അരൂർ-ചേർത്തല റീച്ചിൽ ക്രമക്കേട് ഉണ്ടെന്നും വിജിലൻസ് അന്വേഷിക്കണമെന്നുമായിരുന്നു എ എം ആരിഫ് എംപിയുടെ ആവശ്യം. കഴിഞ്ഞ മാസവും ഇതേ പരാതി ഉന്നയിച്ച് എംപി കത്ത് നൽകിയിരുന്നു. ഇത്തവണ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് നേരിട്ടായിരുന്നു എംപി പരാതി കത്ത് കൈമാറിയത്. മൂന്ന് വർഷം ഗ്യാരന്റിയോട് കൂടി നവീകരിച്ച ദേശീയ പാത ഒന്നര വർഷം ആകുന്നതിന് മുൻപ് യാത്ര ദുഷ്‌കരമാക്കുന്ന വിധത്തിൽ കുണ്ടും കുഴിയും രൂപപ്പെട്ടെന്നും, 36 കോടി രൂപ ചിലവിട്ട് നടത്തിയ റോഡ് നിർമാണത്തിൽ സാരമായ ക്രമക്കേട് നടന്നിട്ടുള്ളതായി സംശയമുണ്ടെന്നുമായിരുന്നു എംപിയുടെ പരാതി.

Next Story