Top

'ബിഷപ്പ് പറഞ്ഞത് വസ്തുത'; പങ്കുവച്ചത് സഭയുടെ ആശങ്കയെന്ന് ദീപിക മുഖപ്രസംഗം

സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല

11 Sep 2021 3:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഷപ്പ് പറഞ്ഞത് വസ്തുത; പങ്കുവച്ചത് സഭയുടെ ആശങ്കയെന്ന് ദീപിക മുഖപ്രസംഗം
X

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ അനുകൂലിച്ച് ദീപിക മുഖപ്രസംഗം. വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ബിഷപ്പിന്റെ പരാമര്‍ശമെന്നും അദ്ദേഹം വിശ്വാസികളുമായി പങ്കുവച്ചത് സഭയുടെ ആശങ്കയാണെന്നും ദീപിക മുഖപ്രസംഗം പറയുന്നു. അപ്രിയസത്യങ്ങള്‍ ആരും പറയരുതെന്നോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.ഒരു മതേതര ജനാധിപത്യരാജ്യത്തില്‍ ഒരു സഭാമേലധ്യക്ഷന് തന്റെ ആശങ്കകള്‍ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കാന്‍ അവകാശമില്ലേയെന്നും ദീപിക ചോദിക്കുന്നു.

മുഖപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍: ''മറ്റേതെങ്കിലും മതത്തോടുള്ള എതിര്‍പ്പുകൊണ്ടോ വിരോധം കൊണ്ടോ ഒന്നുമല്ലെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു നഷ്ടപ്പെടരുതെന്ന ചിന്ത മാത്രമാണ് ഇതു പറയാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇതുകേട്ടു മറ്റുള്ളവര്‍ ഉറഞ്ഞുതുള്ളുന്നത് എന്തിനാണ്.?''

''സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ബിഷപ് ശ്രമിച്ചു എന്നാണു ചിലരുടെ ആരോപണം. സമുദായസൗഹാര്‍ദത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ആരാണ്?. ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവുമാണ്. എന്നാല്‍, സമൂഹനന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകള്‍ക്കു ചിലപ്പോള്‍ അപ്രിയസത്യങ്ങള്‍ തുറന്നുപറയേണ്ടിവരും. യഥാര്‍ഥ സമുദായസൗഹാര്‍ദം അതുകൊണ്ടു തകരില്ല. എല്ലാ സമുദായങ്ങളും പരസ്പരം സഹകരിച്ചും ആരെയും ദ്രോഹിക്കാതെയും നേടിയെടുക്കേണ്ടതാണു സമുദായസൗഹാര്‍ദം. വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ മാര്‍ കല്ലറങ്ങാട്ട് ഹാജരാക്കണമെന്നാണു ചിലരുടെ ആവശ്യം. വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തി തെളിവു കണ്ടെത്തണ്ടതു പോലീസിന്റെ ജോലിയാണ്. ബിഷപ് വിശ്വാസികളുമായി പങ്കുവച്ചത് സഭയുടെ ആശങ്കയാണ്. ഒരു മതേതര ജനാധിപത്യരാജ്യത്തില്‍ ഒരു സഭാമേലധ്യക്ഷനു തന്റെ ആശങ്കകള്‍ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കാന്‍ അവകാശമില്ലേ അതു പാടില്ലെന്നു ശഠിക്കാന്‍ ഇന്ത്യ ഒരു മതാധിഷ്ഠിതരാജ്യമോ ഏകാധിപത്യരാജ്യമോ ആയിട്ടില്ല.''

''കേരളത്തില്‍ സമുദായസൗഹാര്‍ദം പാലിക്കുന്നതില്‍ ബദ്ധശ്രദ്ധരാണു ക്രൈസ്തവസമുദായവും നേതൃത്വവും. എത്ര വലിയ പ്രകോപനമുണ്ടായാലും സമചിത്തതയോടെയും സംയമനത്തോടെയും വിഷയം കൈകാര്യം ചെയ്യാനാണ് അവര്‍ ശ്രമിക്കാറുള്ളത്. തൊടുപുഴയില്‍ പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടായപ്പോഴും അവര്‍ പ്രതികരിച്ചത് തികഞ്ഞ സംയമനത്തോടെയായിരുന്നു. അതു ഭീരുത്വത്തിന്റെ ലക്ഷണമല്ല.''

''ആരെയെങ്കിലും ഭീഷണികള്‍കൊണ്ടു നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നതു മൗഢ്യമായിരിക്കും. തങ്ങള്‍ക്കിഷ്ടമില്ലാത്തതു പറയുന്നവരെ പ്രതിഷേധങ്ങളും ഭീഷണിയും കൊണ്ടു നിശബ്ദരാക്കാന്‍ നോക്കുന്നവരല്ലേ യഥാര്‍ഥത്തില്‍ സൗഹാര്‍ദം തകര്‍ക്കുന്നത്. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് അവരുടെതായ അജന്‍ഡകളുണ്ട്. ബിഷപ്പിനെ വിമര്‍ശിച്ചു രംഗത്തുവന്ന ചില രാഷ്ട്രീയനേതാക്കളുടെ ഉന്നം വോട്ടുബാങ്കിലാണെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അരമനകള്‍ കയറിയിറങ്ങുന്നവരുടെ പ്രസ്താവനകള്‍ക്ക് അതിലപ്പുറം പ്രാധാന്യം നല്‌കേണ്ട കാര്യമില്ല. പക്ഷേ, യഥാര്‍ഥപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നതു കാണാതിരിക്കാനാവില്ല. ഈ പ്രീണനരാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാന്‍ ഒരു കാരണം. സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല.''

Next Story