Top

ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനം; കുട്ടികള്‍ക്കും നല്‍കുന്ന കാര്യവും പരിഗണനയില്‍

കുട്ടികള്‍ക്കുള്‍പ്പടെ ഈ വാക്‌സിന്‍ നല്‍കുന്നത് ആരോഗ്യ വകുപ്പിന്റെ സജീവ പരിഗണനയിലാണ്.

18 Sep 2021 4:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനം; കുട്ടികള്‍ക്കും നല്‍കുന്ന കാര്യവും പരിഗണനയില്‍
X

സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്നുണ്ടാകുന്ന ന്യൂമോണിയ ബാധിച്ചുള്ള മരണങ്ങള്‍ തടയാന്‍ വാക്‌സിന്‍ വിതരണത്തിനൊരുങ്ങി ആരോഗ്യ വകുപ്പ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സീനാണ് വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

നിലവില്‍ രാജ്യത്തെ മരണങ്ങളില്‍ ഭൂരിപക്ഷവും കൊവിഡ് മൂര്‍ഛിച്ച് ന്യൂമോണിയയിലേക്ക് കടന്നുള്ള മരണങ്ങളാണ്. ന്യൂമോണിയ തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ തടയാനായി 2017 ല്‍ വികസിപ്പിച്ചെടുത്ത ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സീന്‍ ഈ സാഹചര്യത്തില്‍ വീണ്ടും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മാത്രമായിരുന്നു നേരെത്തെ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി. എന്നാല്‍ കൊവിഡിനെത്തുടര്‍ന്ന് ന്യൂമോണിയ മരണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാജ്യവ്യാപകമായി വാക്‌സിന്‍ ഉപയോഗിക്കാനുള്ള നിര്‍ദേശം കേന്ദ്രം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പും വാക്‌സിന്‍ വിതരണത്തിനൊരുങ്ങുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് വാക്‌സിന്‍ വിതരണത്തിലേക്ക് കടക്കണമെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കൊവിഡ് ബാധിച്ചാലും ന്യുമോണിയയിലേക്ക് കടക്കാതെ ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന് സാധിക്കും. കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികള്‍ക്കിടയില്‍ കൂടുതലായി വ്യാപിക്കുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ നിശ്ചിത വയസ്സില്‍ താഴെ ഉള്ളവര്‍ക്കും ഈ വാക്‌സിന്‍ നല്‍കുന്നത് ആരോഗ്യ വകുപ്പിന്റെ സജീവ പരിഗണയിലാണ്. ഗുരുതരആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കി മരണനിരക്ക് പിടിച്ചു നിര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്.

Next Story