Top

'കരുവന്നൂരിലെ കോണ്‍ഗ്രസ് സമരം പ്രഹസനം, തട്ടിപ്പ്'; തുറന്നടിച്ച് ഡിസിസി വൈസ് പ്രസിഡന്റ്, വിടുവായത്തം പാര്‍ട്ടിക്ക് നാണക്കേടെന്ന് ഡിസിസി സെക്രട്ടറി

കോണ്‍ഗ്രസിലെ സമരക്കാര്‍ തെറ്റായ സന്ദേശം നല്‍കുന്നു

14 Aug 2021 12:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂരിലെ കോണ്‍ഗ്രസ് സമരം പ്രഹസനം, തട്ടിപ്പ്; തുറന്നടിച്ച് ഡിസിസി വൈസ് പ്രസിഡന്റ്, വിടുവായത്തം പാര്‍ട്ടിക്ക് നാണക്കേടെന്ന് ഡിസിസി സെക്രട്ടറി
X

കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരം പ്രഹസനമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എംഎസ് അനില്‍കുമാര്‍. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളിക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് അനില്‍കുമാര്‍ തുറന്നടിച്ചത്. 310 കോടി രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുള്ളത്. എന്നാല്‍ ആയിരം കോടി രൂപയെന്നാണ് കോണ്‍ഗ്രസിലെ സമരക്കാര്‍ തെറ്റായ സന്ദേശം നല്‍കുന്നത്. പൊതുജനങ്ങളുടെ താല്‍പര്യമല്ല കോണ്‍ഗ്രസ് സംരക്ഷിക്കുന്നതെന്നും അനില്‍കുമാര്‍ തുറന്നടിച്ചു.

അനില്‍കുമാര്‍ പറഞ്ഞത്: ''310 കോടി രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുള്ളത്. എന്നാല്‍ ആയിരം കോടി രൂപയെന്നാണ് കോണ്‍ഗ്രസിലെ സമരക്കാര്‍ തെറ്റായ സന്ദേശം നല്‍കുന്നത്. ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കാനേ കോണ്‍ഗ്രസിന് സാധിച്ചിട്ടുള്ളൂ. പ്രതിപക്ഷനേതാവ് വി ഡി സതീശനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിരുന്നു. കരുവന്നൂരില്‍ നിക്ഷേപകരും വായ്പയെടുത്തവരും സമരത്തിനില്ല. പൊതുജനങ്ങളുടെ താല്‍പര്യമല്ല കോണ്‍ഗ്രസ് സംരക്ഷിക്കുന്നത്. ഏതെങ്കിലും നിക്ഷേപകന് നിക്ഷേപം തിരികെ കൊടുക്കാന്‍ ഈ സമരക്കാര്‍ക്ക് കഴിയുമോ. ഈ സമരം പ്രഹസനം അല്ലേ, തട്ടിപ്പല്ലേ. കോണ്‍ഗ്രസ് കരുവന്നൂരില്‍ സമരം നടത്തേണ്ടതില്ല എന്ന് പറയാന്‍ എനിക്ക് ഒരു മടിയുമില്ല, ആരേയും പേടിക്കുന്നില്ല. കരുവന്നൂരില്‍സമരം നയിക്കുന്ന ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുഖമായി കാണരുത്. ഒരു മണിക്കൂര്‍ പ്രസംഗം മാത്രമാണ് അവിടെ നടക്കുന്നത്. ഉദ്ഘാടനം നടത്തുന്നതിനെക്കുറിച്ച് തര്‍ക്കവും പതിവാണ്. കരുവന്നൂര്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത കോണ്‍ഗ്രസ് നേതാവ് മുകുന്ദന്റെ മരണ കാരണം മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക പ്രതിസന്ധിയാണ്.''

അതേസമയം, എം എസ് അനില്‍കുമാറിനെ തള്ളി ആന്റോ പെരുമ്പിള്ളി രംഗത്തെത്തി. അനില്‍കുമാറിന്റെ വിടുവായത്തം കോണ്‍ഗ്രസിനാകെ നാണകേട് സൃഷ്ടിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് സമരം നടത്തുന്നതെന്നും ആന്റോ പ്രതികരിച്ചു.

Next Story