Top

'ലഹരി മൂത്ത്' ദേശീയ പാതയില്‍ നൃത്തം; യുവാവ് അറസ്റ്റില്‍, മയക്ക് മരുന്ന് കണ്ടെത്തി

2 Aug 2021 2:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഹരി മൂത്ത് ദേശീയ പാതയില്‍ നൃത്തം; യുവാവ് അറസ്റ്റില്‍, മയക്ക് മരുന്ന് കണ്ടെത്തി
X

ലഹരിമരുന്ന് ഉപയോഗിച്ച് ദേശീയ പാതയില്‍ നൃത്തം ചെയ്ത യുവാവ് അറസ്റ്റില്‍. ടെലിഫിലിം സംവിധായകനായ എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജാണ് (34) അറസ്റ്റിലായത്. ഇയാളില്‍ നിന്നും മയക്ക് മരുന്ന കണ്ടെത്തിയതോടെയാണ് അറസ്റ്റ് നടപടിയിലേക്ക് പൊലീസ് എത്തിയത്. ഇയാളുടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു ഗ്രാം മെത്തലിന്‍ ഡയോക്‌സി ആഫിറ്റാമിന്‍ (എംഡിഎംഎ) എന്ന ലഹരി മരുന്നാണ് കണ്ടെത്തിയത്.

ദേശീയ പാതയില്‍ ചാലക്കുടിക്ക് സമീപം ചിറങ്ങര ജംക്ഷനില്‍ നിന്നാണ് വിഷ്ണുരാജിനെ പൊലീസ് പിടികൂടുന്നത്. ട്രാഫിക് സിഗ്‌നലിന്റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്യുന്ന നിലയിലായിരുന്നു യുവാവ്. ചിറങ്ങര ജംക്ഷനില്‍ എത്തിയപ്പോള്‍ സര്‍വീസ് റോഡില്‍ കാര്‍ നിര്‍ത്തിയിടുകയും ട്രാഫിക് സിഗ്‌നലിന്റെ തൂണില്‍ പിടിച്ച് ഇയാള്‍ നൃത്തം ചെയ്യുന്നതും പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും കൊച്ചിയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ ആണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പൊലീസ് കാറിന് സമീപത്ത് എത്തി വിവരങ്ങള്‍ തിരക്കുകയായിരുന്നു. പുതിയ ഹൃസ്വചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്റെ വീട്ടിലേക്കുള്ള വഴിയാണ് ലഹരി ഉപയോഗിച്ചതും നടുറോഡിലെ നൃത്തവും എന്നാണ് വിവരം. നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു യുവതിയും ഭര്‍ത്താവും ഉണ്ടായിരുന്നു.

ലഹരിമരുന്ന് കിട്ടിയതോടെയാണ് വിഷ്ണുരാജിനെ കൊരട്ടി ഇന്‍സ്‌പെക്ടറും സംഘവും കസ്റ്റഡിയിലെടുത്ത് കാറും പിടിച്ചെടുത്തു. മഹാരാഷ്ട്ര റജിസ്‌ട്രേഷനുള്ളതാണ് കാര്‍. കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്ക് ലഹരി ഉപയോഗത്തില്‍ പങ്കില്ലാത്തതിനാല്‍ ഇവരെ പൊലീസ് വിട്ടയച്ചു. ലഹരിയ്‌ക്കെതിരെ രണ്ടു ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് വിഷ്ണുരാജ്.

Next Story