Top

'യുഡിഎഫ് സൈബറണികളുടെ അവസ്ഥയാണ് പരിതാപകരം; സ്ത്രീകള്‍ മുന്നേറുന്നതിന്റെ ബേജാറ് കൂടിയുണ്ട്'; ചിന്തക്കെതിരായ ആരോപണം പൊളിഞ്ഞതോടെ പരുങ്ങലില്‍; പരിഹസിച്ച് സോഷ്യല്‍മീഡിയ

19 Aug 2021 2:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫ് സൈബറണികളുടെ അവസ്ഥയാണ് പരിതാപകരം; സ്ത്രീകള്‍ മുന്നേറുന്നതിന്റെ ബേജാറ് കൂടിയുണ്ട്; ചിന്തക്കെതിരായ ആരോപണം പൊളിഞ്ഞതോടെ പരുങ്ങലില്‍; പരിഹസിച്ച് സോഷ്യല്‍മീഡിയ
X

ചിന്താ ജെറോമിനെതിരായ ആരോപണങ്ങള്‍ പൊളിഞ്ഞതോടെ, കോണ്‍ഗ്രസുകാരെ പരിഹസിച്ച് സോഷ്യല്‍മീഡിയയിലെ സിപിഐഎം പ്രവര്‍ത്തകര്‍. താലിബാനെ വെളുപ്പിക്കാന്‍ നടക്കുന്നതിനിടെ സൈബര്‍ ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാകും ചിലര്‍ ഈ സാഹിത്യം എഴുതിവിട്ടത്. പടച്ചു വിടുന്നത് ഏത് ദജ്ജാലായാലും അതെടുത്ത് ഒട്ടിച്ചു നടക്കുന്ന യുഡിഎഫ് സൈബറണികളുടെ അവസ്ഥയാണ് പരിതാപകരമെന്നും സോഷ്യല്‍മീഡിയ പറയുന്നു.

ഇനി അഞ്ചു വര്‍ഷത്തേക്ക് അധികാരം കിട്ടാത്തതിന്റെ ഫ്രസ്‌ട്രേഷന്‍ മാത്രമല്ല ഇവറ്റകള്‍ക്ക്. ബിരിയാണിച്ചെമ്പിന്റെ മൂടി മാത്രമായി ഇവന്മാര്‍ കാണുന്ന സ്ത്രീകള്‍ സമൂഹത്തില്‍ മുന്നേറുന്നതിന്റെ ബേജാറ് കൂടിയുണ്ട്. ബിരിയാണിക്ക് ഉള്ളിയരിഞ്ഞ് കൊടുക്കാന്‍ 'താലിബാന്‍ ഒരു വിസ്മയം' ടീമുകളും കൂട്ടിനുണ്ടല്ലോയെന്നും സൈബര്‍ സിപിഐഎം ചോദിച്ചു.

വിഷയത്തില്‍ സിഎന്‍ മിലാഷ് എഴുതിയ കുറിപ്പ്: ഔദ്യോഗികമായും സംഘടനാപരമായുമുള്ള വലിയ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനിടെയിലും ഇംഗ്ലീഷ് സാഹീത്യത്തിലെ പിഎച്ച്ഡി കരസ്ഥമാക്കുക എന്നത് വലിയ അഭിനന്ദനമര്‍ഹിക്കുന്ന നേട്ടമാണ്. നമ്മളോട് വിയോജിപ്പുള്ളവരോടും അവരുടെ നേട്ടങ്ങളില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയാണ് സാമാന്യമര്യാദ. അത്തരം മര്യാദകളൊന്നും സിപിഎമ്മുകാരോട് പാടില്ലല്ലോ. അതാകാം, ഇന്നലെ മുതല്‍ കുറെ പേര്‍ നിര്‍ത്താതെ ഓരിയിടുന്നത്. മിക്കതും സ്ഥിരം ചൊറിച്ചിലിന്റെ ഭാഗമാണ്. അവയൊന്നും മറുപടിയും അര്‍ഹിക്കുന്നില്ല. യൂത്ത് കമ്മീഷന്‍ ചെയര്‍പെഴ്‌സണായിരിക്കെത്തന്നെ ജെആര്‍എഫ് ഫെലോഷിപ്പ് തുകയും കൈപ്പറ്റി യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നൊരു ഗുരുതരമായ ആരോപണവും കൂട്ടത്തില്‍ കണ്ടു. ഒരു പൊതുപ്രവര്‍ത്തകയ്ക്ക് നേരെയുള്ള അത്തരത്തിലൊരു ആക്ഷേപത്തിന് വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് തോന്നുന്നു.

2011 മുതല്‍ കേരളസര്‍വകലാശാലയില്‍ ഗവേഷണം ചെയ്തു വരികയായിരുന്നു ചിന്ത. 2014ലെ യുജിസി നെറ്റ് പരീക്ഷ എഴുതിയാണ് ചിന്ത യുജിസി ജെആര്‍എഫ് നേടുന്നത്. നെറ്റ് പരീക്ഷയില്‍ രാജ്യത്തെത്തന്നെ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന കുറച്ച് പേര്‍ക്കാണ് ജെആര്‍എഫ് അവാര്‍ഡ് ചെയ്യപ്പെടുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ജെആര്‍എഫ് ലഭിക്കുന്നത് ചെറിയ നേട്ടമല്ല. സംഘടനാപ്രവര്‍ത്തനവും പഠനവും ഒരേ പോലെ മികച്ച രീതിയില്‍ നടത്തിയ എസ്എഫ്‌ഐ സഖാക്കളുടെ മറ്റൊരുദാഹരണമാണ് ചിന്തയും. 2014 നവംബര്‍ മുതല്‍ കേരളസര്‍വകലാശാലയുടെ ഗവേഷണം റെലിന്‍ക്വിഷ് ചെയ്ത് യുജിസി ജെആര്‍എഫ് ആരംഭിച്ചു (ഇമേജ് 1).യുജിസി ജെആര്‍എഫ് ലഭിച്ച ചിന്ത ഗവേഷണം തുടരുന്നതിനിടെയിലാണ് 2016 ഒക്ടോബറില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പെഴ്‌സണായി നിയമിതയാകുന്നത്. ഇതേത്തുടര്‍ന്ന്, ജെആര്‍എഫ് റെലിന്‍ക്വിഷ് ചെയ്യുന്നതിനും ഫുള്‍ ടൈം രജിസ്‌ട്രേഷന്‍ പാര്‍ട്ട് ടൈം ആക്കി മാറ്റുന്നതിനുമുള്ള അപേക്ഷ ചിന്ത കേരള സര്‍വകലാശാലക്ക് നല്‍കി. 2017 ജനുവരി 17 ലെ ഉത്തരവ് പ്രകാരം കേരള സര്‍വകലാശാല ഈ അപേക്ഷ അംഗീകരിച്ച് 2016 ഒക്ടോബര്‍ 14 തിയതി പ്രാബല്യത്തില്‍ യുജിസി ജെആര്‍എഫ് റെലിങ്ക്വിഷ് ചെയ്യാന്‍ അനുവദിച്ചു. 2016 മെയ് വരെയുള്ള ഫെലോഷിപ്പ് മാത്രമാണ് ചിന്തക്ക് അനുവദിച്ചിട്ടുള്ളത് എന്ന് ഈ ഉത്തരവില്‍ വ്യക്തമായും പരാമര്‍ശിക്കുന്നുണ്ട് (ഇമേജ് 2).


2017 മാര്‍ച്ച് 18ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ഗവേഷണം പാര്‍ട്ട് ടൈമായി മാറ്റുന്നതിനുള്ള ചിന്തയുടെ അപേക്ഷ പരിഗണിക്കുകയും അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2016 ഒക്ടോബര്‍ 14 മുതല്‍ പാര്‍ട്ട് ടൈം സ്‌കോളറായി ചിന്തയെ അംഗീകരിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ട് (ഇമേജ് 3).


അതായത്, യുവജന കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ ആയ കാലം മുതല്‍ പാര്‍ട്ട് ടൈം ഗവേഷക എന്ന് രീതിയിലാണ് ചിന്ത ഗവേഷണം പൂര്‍ത്തിയാക്കിയത്. ജെആര്‍എഫ് സംബന്ധമായ എന്തെങ്കിലും ആനുകൂല്യങ്ങള്‍ ഈ കാലയളവില്‍ കൈപ്പറ്റിയിട്ടുമില്ല. ശമ്പളം സംബന്ധിച്ചുള്ള ചില പരാമര്‍ശങ്ങള്‍ക്കും സാന്ദര്‍ഭികമായി മറുപടി പറഞ്ഞു പോകണം. യുവജനകമ്മീഷന്‍ ചെയര്‍പെഴ്‌സണായി ചുമതലയേല്‍ക്കുമ്പോള്‍ ചിന്തക്ക് ലഭിച്ചിരുന്ന ശമ്പളം 50,000 രൂപ ആയിരുന്നു. ആ കാലയളവില്‍ പ്രതിമാസം ലഭിച്ചിരുന്ന ഫെലോഷിപ്പ് തുക വീട്ടുവാടക അലവന്‍സ് ഉള്‍പ്പെടെ അതിലേറെ വരും. അത് തന്നെ അഞ്ച് മാസത്തെ കുടിശിക തുക കിട്ടാനുള്ളത് കൂടി വേണ്ടെന്ന് വെച്ചാണ് ജെആര്‍എഫ് റെലിന്‍ക്വിഷ് ചെയ്യാന്‍ അപേക്ഷ നല്‍കിയത്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല ഏറ്റെടുക്കുന്നതിനായി ഇത്തരം ധനപരമായ നഷ്ടങ്ങള്‍ ചിന്താ ജെറോം പരിഗണിച്ചിട്ടില്ല. ഇരട്ടശമ്പളം വാങ്ങി എന്നൊക്കെ അവരെ ആക്ഷേപിക്കുന്നത് എത്രത്തോളം തരംതാഴ്ന്ന പ്രവൃത്തിയാണെന്ന് ഓര്‍ക്കണം.

ഒരാളുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കാം. അയാളുടെ പ്രസംഗത്തെയോ സംസാരരീതിയെയോ ഒക്കെ ട്രോളാം. അതൊക്കെ നടക്കട്ടെ. പക്ഷെ, ഒരാള്‍ കഷ്ടപ്പെട്ട് നേടിയ ഒരു നേട്ടത്തെ ഇകഴ്ത്താനും വിമര്‍ശിക്കാനും നടക്കുന്നത് ഒട്ടും നല്ല കാര്യമല്ല. ഒരു വസ്തുതയും അന്വേഷിക്കാതെ കേരളസര്‍വകലാശാല രാഷ്ട്രീയസ്വാധീനം വെച്ച് പിഎച്ച്ഡി അവാര്‍ഡ് ചെയ്‌തെന്നൊക്കെയാണ് എഴുതി മറിക്കുന്നത്. താലിബാനെ വെളുപ്പിക്കാന്‍ നടക്കുന്നതിനിടെ സൈബര്‍ ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാകും ചിലര്‍ ഈ സാഹിത്യം എഴുതിവിട്ടത്. പടച്ചു വിടുന്നത് ഏത് ദജ്ജാലായാലും അതെടുത്ത് ഒട്ടിച്ചു നടക്കുന്ന യുഡിഎഫ് സൈബറണികളുടെ അവസ്ഥയാണ് പരിതാപകരം. ഇനി അഞ്ചു വര്‍ഷത്തേക്ക് അധികാരം കിട്ടാത്തതിന്റെ ഫ്രസ്‌ട്രേഷന്‍ മാത്രമല്ല ഇവറ്റകള്‍ക്ക്. ബിരിയാണിച്ചെമ്പിന്റെ മൂടി മാത്രമായി ഇവന്മാര്‍ കാണുന്ന സ്ത്രീകള്‍ സമൂഹത്തില്‍ മുന്നേറുന്നതിന്റെ ബേജാറ് കൂടിയുണ്ട്. ബിരിയാണിക്ക് ഉള്ളിയരിഞ്ഞ് കൊടുക്കാന്‍ 'താലിബാന്‍ ഒരു വിസ്മയം' ടീമുകളും കൂട്ടിനുണ്ടല്ലോ.

ഇടതുപക്ഷത്തെ പ്രവര്‍ത്തകരോ അവരുടെ ജീവിതപങ്കാളികളോ നേടുന്ന അക്കാദമികയോഗ്യതകളൊക്കെ മോശമാണെന്ന് പറഞ്ഞു നടക്കുന്ന യുഡിഎഫ് സൈബറണികള്‍ക്ക് മെയ് 2ന് ശേഷവും നേരം വെളുത്തിട്ടില്ല എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. ഇലക്ഷന്‍ കാലത്ത് എംബി രാജേഷിന്റെ പങ്കാളിയുടെ നിയമനമൊക്കെ ആഘോഷിച്ച ബാലകരാമസേന പണി തുടരട്ടെ. അതൊക്കെ ഓര്‍ത്ത് സ്പീക്കറുടെ മുറിയിലിരുന്ന് എംബി രാജേഷ് ചിരിക്കുന്നുണ്ടാകും. തോറ്റ എംഎല്‍എ നാട്ടിലെ അക്ഷയ സെന്ററുകള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കാനുള്ള പോരാട്ടത്തിലാണെന്ന് കേട്ടു.

Next Story