Top

'പാത്തൂനെ ലീഗ് പൂട്ടി, കരയണ്ട'; ഫാത്തിമ തഹ്‌ലീയക്കെതിരെ സ്ത്രീ വിരുദ്ധ കമന്റുകളുടെ പ്രവാഹം

മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ക്ക് ഉദാഹരണമാണ് പുതിയ നടപടിയെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല.

13 Sep 2021 2:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാത്തൂനെ ലീഗ് പൂട്ടി, കരയണ്ട; ഫാത്തിമ തഹ്‌ലീയക്കെതിരെ സ്ത്രീ വിരുദ്ധ കമന്റുകളുടെ പ്രവാഹം
X

ഹരിത വിവാദത്തില്‍ ശക്തമായ പ്രതികണങ്ങള്‍ നടത്തിയ ഫാത്തിമ തഹ്‌ലീയക്കെതിരെ സൈബര്‍ ആക്രമണം. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് അനുകൂലികളാണ് പ്രധാനമായും സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ക്ക് ഉദാഹരണമാണ് പുതിയ നടപടിയെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല. നേരത്തെ ഹരിത വിഷയത്തെ ലഘൂകരിച്ച് ലീഗ് നേതാവ് പികെ ഫിറോസും പ്രതികരിച്ചിരുന്നു.

പി കെ ഫിറോസ് പറഞ്ഞത്

2007 ല്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ശിഹാബ് തങ്ങളെ കാണാന്‍ ചെന്നപ്പോള്‍ തങ്ങള്‍ പറഞ്ഞു 'കോളേജുകളില്‍ ഇപ്പോളധികവും പഠിക്കാന്‍ വരുന്നത് പെണ്‍കുട്ടികളാണ്. അവര്‍ക്കും പ്രവര്‍ത്തിക്കാന്‍ അവരുടേതായ ഒരിടം ഉണ്ടാക്കാവുന്നതാണ്.

'സമാനമായ നിര്‍ദ്ദേശം പാര്‍ട്ടിയുടെ മൂര്‍ച്ചയേറിയ തൂലികയായിരുന്ന പ്രിയപ്പെട്ട റഹീം മേച്ചേരിയും മുമ്പ് പങ്കുവച്ചിരുന്നു. അന്ന് ഞാന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റാണെന്നാണ് എന്റെ ഓര്‍മ്മ. അത്തരം നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് 2011 ല്‍ ഹരിത സംസ്ഥാന കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഭാഗമായാണ് ഓരോ ഉപഘടകങ്ങളും രൂപം കൊണ്ടിട്ടുള്ളതെന്ന് അതിന്റെ വളര്‍ച്ചാ ചരിത്രം വായിക്കുന്ന ഓരോരുത്തര്‍ക്കും മനസ്സിലാവും.

ഒരുകാലത്ത് പല കാരണങ്ങള്‍ കൊണ്ടും വിദ്യഭ്യാസത്തോടു മുഖം തിരിഞ്ഞു നിന്നിരുന്ന പെണ്‍കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് വിദ്യാഭാസം നല്‍കാനും വലിയ പങ്ക് വഹിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. സമുദായ സംഘടനകളും അതിനോടൊപ്പം നിലയുറപ്പിച്ചു. അതിന്റെ തെളിവാണ് അത്തരം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

സമീപകാലത്ത് ഹരിതയിലും എം.എസ്.എഫിലുമുണ്ടായ പ്രശ്‌നങ്ങളെ കുട്ടികള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ എന്ന നിലക്കാണ് പാര്‍ട്ടി കണ്ടത്. പാര്‍ട്ടിക്ക് പുറത്തേക്ക് പ്രശ്‌നങ്ങളെ എത്തിച്ചിട്ട് പോലും കുട്ടികളായത് കൊണ്ട് വളരെ അനുഭാവപൂര്‍വ്വം ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചത്.

നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി നേതൃത്വം ഒരു തീരുമാനമെടുത്തു. ആ തീരുമാനം അംഗീകരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഒരു സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അച്ചടക്കം പരമപ്രധാനമാണ്. ഇവിടെ കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ എടുത്ത തീരുമാനം എന്ന നിലക്ക് അതിനെ കാണുകയും ഉള്‍ക്കൊണ്ട് പോവുകയും ചെയ്യുക എന്നത് ഏറ്റവും ശരിയായ നിലപാടാണ്. അതിന് മറ്റ് മാനങ്ങള്‍ നല്‍കി ചര്‍ച്ചയാക്കുന്നത് ഒട്ടും ആശാവഹമല്ല.

ഹരിതക്ക് ഒരു പുതിയ സംസ്ഥാന ഭാരവാഹികളെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. നടപടിക്ക് വിധേയരായവര്‍ പിതൃതുല്യരായ പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനമായി അതിനെ കണ്ടാല്‍ മതി. രാഷ്ട്രീയ എതിരാളികള്‍ പലതും പറയും. അവര്‍ ഗുണകാംക്ഷികളാണെന്ന് തെറ്റിദ്ധരിക്കരുത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളോട് മാത്രമാണ് താല്‍പ്പര്യവും എന്ന് മനസ്സിലാക്കണം. അക്കൂട്ടത്തില്‍ ലീഗിനെ താലിബാനോട് പോലും ഉപമിക്കുന്നവരുടെ അജണ്ടയും കാണാതെ പോവരുത്.

നമുക്ക് ഇനിയും ഒരുപാടു ദൂരം മുന്നോട്ടു പോവാനുണ്ട്. പിന്നിട്ട വഴികള്‍ കഠിനമേറിയതാണെങ്കില്‍ അതിനേക്കാന്‍ പ്രയാസകരമായ സാഹചര്യത്തിലാണ് നമ്മള്‍ നിലകൊള്ളുന്നത്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ മഹത്തായ ആശയത്തിന് ശക്തി പകരാനും ലക്ഷ്യ പൂര്‍ത്തീകരണത്തിന് സഹായകരമായ നിലപാട് സ്വീകരിക്കാനും നമുക്ക് സാധിക്കണം. പുതിയ ഹരിതയുടെ സംസ്ഥാന നേതൃത്വത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

അതേസമയം കെ ടി ജലീല്‍ എംഎല്‍എ വിഷയത്തില്‍ ലീഗിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മുസ്ലിംലീഗിന്റെ പുറത്താക്കല്‍ ഉത്തരവിനൊപ്പം 'അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ തന്നെ അറിയുന്നില്ല, അവര്‍ക്കു നീ പൊറുത്തു കൊടുക്കേണമേ....' എന്ന ബൈബിള്‍ വചനം പങ്കുവെച്ചുകൊണ്ടായിരുന്നു ജലീലിന്റെ പ്രതികരണം.

സംസ്ഥാന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാര മുസ്ലീംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് ഫാത്തിമയ്ക്കെതിരായ നടപടി ഉത്തരവ് പുറത്തുവിട്ടത്. ഹരിതയെ പിരിച്ചുവിട്ടതും തുടര്‍ന്ന് പുതിയ കമ്മറ്റി രൂപികരിച്ചതും കൂടിയാലോചനകള്‍ നടത്താതെയാണെന്ന് ഫാത്തിമ തഹ്ലിയ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള നടപടിക്ക് പ്രേരിപ്പിച്ചതുമെന്നാണ് സൂചന. നേതൃത്വത്തിനെതിരെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയിരുന്നതും ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍.

വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ മുഴുവന്‍ പേരേയും മാറ്റി നിര്‍ത്തി ഹരിതയുടെ പുതിയ സംസ്ഥാന കമ്മറ്റി രൂപീകരിച്ചതിന് പിന്നാലെ ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതേസമയം, നടപടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ഫാത്തിമ തെഹ്ലിയ പ്രതികരിച്ചു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനും മലപ്പുറം ജില്ലാ നേതാക്കള്‍ക്കുമെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്ത മുന്‍ ഹരിത നേതാക്കള്‍ക്ക് പരസ്യമായ പിന്തുണയാണ് ഫാത്തിമ തഹ്ലിയ നല്‍കിയിരുന്നത്. ഹരിത നേതാക്കള്‍ ഏത് തരത്തിലുള്ള അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും ഹരിത നേതാക്കള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും തഹ്ലിയ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കേണ്ടത് ഈ രീതിയിലാണൊയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ഫാത്തിമ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു

Next Story

Popular Stories