Top

ഈന്തപ്പഴം, മതഗ്രന്ഥം വിതരണങ്ങളില്‍ ഷോക്കോസ് നേട്ടീസ് നല്‍കാന്‍ കസ്റ്റംസ്; വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി

പ്രോട്ടോകോള്‍ ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് സപ്ലിമെന്ററി നോട്ടീസ് നല്‍കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

28 Aug 2021 4:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈന്തപ്പഴം, മതഗ്രന്ഥം വിതരണങ്ങളില്‍ ഷോക്കോസ് നേട്ടീസ് നല്‍കാന്‍ കസ്റ്റംസ്; വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി
X

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ സംഭവത്തിന് പിന്നാലെ ഒന്നാം പിണറായി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ ഈന്തപ്പഴം, മതഗ്രന്ഥം കടത്ത് ആരോപണങ്ങളില്‍ തുടര്‍ നടപടികളുമായി കസ്റ്റംസ്. ഈന്തപ്പഴം, മതഗ്രന്ഥം വിതരണത്തില്‍ ഷോക്കോസ് നോട്ടീസ് നല്‍കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍, ആറ്റാഷെ, യുഎഇ കോണ്‍സുലേറ്റിലെ എട്ട് ജിവനക്കാര്‍ എന്നിവര്‍ക്കാണ് കസ്റ്റംസ് ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കാന്‍ തയ്യാറെടുക്കുന്നത്. ഇതിനായി കസ്റ്റംസ് വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്.

ഇതിന് പുറമെ സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് സപ്ലിമെന്ററി നോട്ടീസ് നല്‍കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎഇ കോണ്‍സുലേറ്റ് വഴി വലിയ തോതില്‍ ഈന്തപ്പഴവും മതഗ്രസ്ഥവും എത്തിച്ചു എന്ന കേസിലാണ് നടപടി. നയതന്ത്രചാനലിലൂടെ യുഎഇ കോണ്‍സുലേറ്റില്‍ ഈന്തപ്പഴം, മതഗ്രന്ഥം എന്നിവ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു സ്വര്‍ണക്കടത്തിന പുറത്ത് മറ്റ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്.

2017 ലാണ് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് 17,000 കിലോ ഈന്തപ്പഴമെത്തിയത്. നയതന്ത്രചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്‌പെഷ്യല്‍ സ്‌കൂളുകളിലും വിതരണം ചെയ്യുകയാണ് ഉണ്ടായത്. ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വച്ചത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

ഡിപ്ലോമാറ്റിക് കാര്‍ഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരില്‍ 4479 കിലോ കാര്‍ഗോ മാര്‍ച്ച് നാലിന് യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ തിരുവനന്തപുരത്തെത്തിയെന്നതാണ് നടപടിയ്ക്ക് കാരണമായ രണ്ടാമത്തെ സംഭവം. ഇതില്‍ 32 പാക്കറ്റുകള്‍ അന്നത്തെ മന്ത്രി കെ.ടി ജലീല്‍ ചെയര്‍മാനായ സിആപ്റ്റിന്റെ അടച്ചുമൂടിയ ലോറിയില്‍ മലപ്പുറത്തെത്തിച്ചെന്നും കണ്ടെത്തിയിരുന്നു. കെടി ജലീലിനെ വലിയ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ഇത്. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നുള്‍പ്പെടെ ആക്ഷേപങ്ങളായിരുന്നു ഉയര്‍ന്നത്.

Next Story