Top

'കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ എല്ലാ സമുദായത്തിലുമുണ്ട്, അവരുടെ ആഹ്വാനങ്ങള്‍ക്ക് വശംവദരാകരുത്'; സിഎസ്ഐ സഭ ബിഷപ്പ്

തീവ്രവാദ സ്വഭാവമുള്ളവര്‍ എല്ലാ വിഭാഗങ്ങളിലുമുണ്ടാകും സാഹചര്യങ്ങളെ എങ്ങനെ മുതലെടുക്കാമെന്നതാണ് അവരുടെ ലക്ഷ്യം.

15 Sep 2021 9:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ എല്ലാ സമുദായത്തിലുമുണ്ട്, അവരുടെ ആഹ്വാനങ്ങള്‍ക്ക് വശംവദരാകരുത്; സിഎസ്ഐ സഭ ബിഷപ്പ്
X

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് സിഎസ്‌ഐ മധ്യകേരള ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍. എല്ലാവര്‍ക്കുമുള്ള അഭിപ്രായ സ്വാതന്ത്രമനുസരിച്ച് ബിഷപ്പ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹമാണതിന് വിശദീകരണം നല്‍കേണ്ടത്, അദ്ദേഹത്തിന്റെ മാത്രം കാഴ്ചപ്പാടാണത്. സിഎസ്‌ഐ സഭ അതിനോട് പ്രതികരിക്കാനില്ലെന്നും ബിഷപ്പ് സാബു പറഞ്ഞു.

പാലാ ബിഷപ്പിന്റെ പരാമർശത്തില്‍ അന്വേഷണം സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ബിഷപ്പിന്റെ പ്രതികരണം. പാലാ ബിഷപ്പിന്റെ പരാമർശത്തിലെ തെറ്റും ശരിയും കണ്ടുപിടിച്ച് പറയേണ്ടത് സര്‍ക്കാരാണ്. അതില്‍ എന്തെങ്കിലും ശെരിയുണ്ടെന്ന് കണ്ടെത്തിയാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നര്‍ ശിക്ഷിക്കപ്പെടണം. പരാമര്‍ശത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും അന്വേഷണം സഹായിക്കുമെന്നും ബിഷപ്പ് സാബു പറഞ്ഞു. സിഎസ്ഐ സഭയും താഴത്തങ്ങാടി ഇമാമും കോട്ടയത്ത് നടത്തിയ സംയുക്ത സമ്മേളനത്തിലായിരുന്നു പ്രതികരണം.

എന്നാല്‍ ഇത്തരം പരാമർശങ്ങളിലൂടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരോട് ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംയുക്ത പ്രസ്താവന:

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ആഗ്രഹമുള്ളവര്‍ എല്ലാ സമുദായത്തിലുമുണ്ടാകും അവരുടെ തെറ്റായ ആഹ്വാനങ്ങള്‍ക്ക് വശം വദരാകരുത്. തീവ്രവാദ സ്വഭാവമുള്ളവര്‍ എല്ലാ വിഭാഗങ്ങളിലുമുണ്ടാകും സാഹചര്യങ്ങളെ എങ്ങനെ മുതലെടുക്കാമെന്നതാണ് അവരുടെ ലക്ഷ്യം. അതിനെ ജാഗ്രതയോടെ നിന്ന് എതിര്‍ക്കുകയാണ് വേണ്ടതെന്നും ബിഷപ് സാബു പറഞ്ഞു. പാലാ ബിഷപ്പിന്റെ പരാമർശത്തിലെ ബിജെപി ഇടപെടല്‍ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ബിഷപ്പിന്റെ മറുപടി.

ഇന്ത്യയിലേറ്റവും സാഹോദര്യം നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ഈ സാഹോദര്യം കഴിഞ്ഞ ഒരാഴ്ചക്കാലമായി സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം അടിമറിക്കപ്പെടുകയാണ്. രണ്ട് സമുദായങ്ങള്‍ തമ്മിലെ അകല്‍ച്ച ബോധപൂര്‍വ്വമായി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് പിന്നാമ്പുറത്ത് നടത്തുന്നത്. കേരളത്തിന് പോര്‍വിളിയും വിദ്വേഷവുമല്ല വേണ്ടത് സ്‌നേഹവും സാഹോദര്യത്തിന്റെയും പാരമ്പര്യമുള്ളവരാണ് നമ്മള്‍. ഒരിക്കലും അടുക്കാനാവാത്ത വിധം നമ്മുക്ക് അകലാനാകില്ല. ലഹരി കടത്ത് എതിര്‍ക്കേണ്ടത് ആവശ്യമാണ്. അത് ഏതു മതക്കാര്‍ ചെയ്താലും എതിര്‍ക്കേണ്ടതാണ്. അതിന്റെ പേരില്‍ ഒരു സമുദായമാകരുത് ശിക്ഷിക്കപ്പെടുന്നത്. അത്തരം സാഹചര്യങ്ങളുണ്ടാകുമ്പോഴാണ് സമാധാനം നഷ്ടമാകുന്നത്. താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി പറഞ്ഞു.

Next Story