Top

ക്രഷര്‍ തട്ടിപ്പ് കേസ്: പി വി അന്‍വറിനെ അറസ്റ്റു ചെയ്യാത്തതെന്തെന്ന് പരാതിക്കാരന്‍, സമ്പൂര്‍ണ്ണ കേസ് ഡയറി ഉടന്‍ ഹാജരാക്കണമെന്ന് കോടതി

1 Oct 2021 10:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രഷര്‍ തട്ടിപ്പ് കേസ്: പി വി അന്‍വറിനെ അറസ്റ്റു ചെയ്യാത്തതെന്തെന്ന് പരാതിക്കാരന്‍, സമ്പൂര്‍ണ്ണ കേസ് ഡയറി ഉടന്‍ ഹാജരാക്കണമെന്ന് കോടതി
X

കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ അറ്സ്റ്റ് ചെയ്യാത്തന്തെന്ന് പരാതിക്കാരന്‍. എംഎല്‍എയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി കണ്ടെത്തിയിട്ടും അറസ്റ്റ് വൈകുന്നുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇതോടെ ഈ മാസം 13ന് സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതി ഉത്തരവിട്ടു. മജിസ്ട്രേറ്റ് എസ് രശ്മിയാണ് നിര്‍ദ്ദേശം നല്‍കിയത്.

കോടതി നിര്‍ദ്ദേശിച്ചപ്രകാരം ക്രൈം ബ്രാഞ്ച് കേസ് ഡയറി ഹാജരാക്കിയില്ലെന്നും മുമ്പ് മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി മാത്രമാണ് ഹാജരാക്കിയതെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 2018 ഡിസംബര്‍ 13മുതല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് രണ്ടു വര്‍ഷമായി നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി സമര്‍പ്പിച്ചിട്ടില്ല.

ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മുംഗലാപുരത്തെ തുര്‍ക്കളിഗെ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനത്തിന്റെ പേരാണ് പറയുന്നത്. എന്നാല്‍ പി വി അന്‍വര്‍ കെ ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് 50 ലക്ഷം വാങ്ങി നടുത്തൊടി സലീമുമായി കരാര്‍ ഉണ്ടാക്കിയത്. ഈ സ്ഥാപനത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുകയാണ്. അന്വേഷണം അട്ടിമറിച്ച് ക്രൈം ബ്രാഞ്ച് പിവി അന്‍വര്‍ എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. ഇതോടെയാണ് സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ഡിവൈഎസ്പി പി വിക്രമന്‍ വ്യാഴാഴ്ച്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി വ്യക്തമാക്കിയിരുന്നു. മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി വി അന്‍വറിന് വില്‍പ്പന നടത്തിയ കാസര്‍ഗോട്ട് സ്വദേശി കെ ഇബ്രാഹിമില്‍ നിന്നും 15ന് ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പിവി അന്‍വര്‍ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമില്‍ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്.

ക്രഷര്‍ സര്‍ക്കാരില്‍ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി. ഇതോടൊപ്പം ക്രഷറിനോട് ചേര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കര്‍ ഭൂമിയും കൊറിഞ്ചയിലെ 1.5 ഏക്കര്‍ഭൂമിയും കൈമാറിയതായും മൊഴി നല്‍കിയിട്ടുള്ളത്. അതേസമയം ഉടന്‍ മംഗലാപുരത്തുപോയി അന്വേഷണം നടത്തുമെന്നും കൂടുതല്‍ രേഖകള്‍ പരിശോധിച്ചും സാക്ഷികളുടെ മൊഴികളെടുത്തും അന്വേഷണം പൂര്‍ത്തീകരിച്ച് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരന്‍ സലീം സമര്‍പ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്.

Next Story