പ്രതികള്‍ നാടുവിട്ടിട്ടില്ല; കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വാഭാവികമായ താമസം ഉണ്ടാകുമെന്നും അന്വേഷണ സംഘം
6 Aug 2021 3:09 AM GMT
അനുശ്രീ പി.കെ

കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ആറ് പ്രതികള്‍ക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒന്നാം പ്രതി ബാങ്കിന്റെ മുന്‍ സെക്രട്ടറി ടി.ആര് സുനില്‍ കുമാര്‍, രണ്ടാം പ്രതിയായ മുന്‍ മാനേജര്‍ ബിജു കരീം, മൂന്നാം പ്രതി മുന്‍ അക്കൗണ്ടന്റ് സി.കെ.ജില്‍സ്, നാലാം പ്രതി ഇടനിലക്കാരന് കിരണ്‍, അഞ്ചാം പ്രതി കമ്മീഷന് ഏജന്റ് എ.കെ.ബിജോയ് ആറാം പ്രതി ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റായിരുന്ന റെജി എം അനില്‍ എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. പ്രതികള്‍ രാജ്യം വിട്ടേക്കുമെന്ന സൂചന ശക്തമായിരിക്കെയാണ് നടപടി. പ്രതികള്‍ നാടുവിട്ടു പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.
വിമാനയാത്രക്ക് പ്രതികള്‍ ശ്രമിച്ചാല്‍ വിമാനത്താവളത്തില്‍ തടയാന്‍ ഇമിഗ്രേഷന്‍ വകുപ്പിനും ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇടനിലക്കാരന് കിരണ്‍ നേരത്തെ തന്നെ വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരണം.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വാഭാവികമായ താമസം ഉണ്ടാകുമെന്നും അന്വേഷണ സംഘം പറയുന്നു.
അതേസമയം ബാങ്കിലെ രേഖകള്‍ പരിശോധിക്കുന്നത് തുടരുകയാണ്. ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കണം. ഇത് ശ്രമകരമെന്നും സമയമെടുക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത ലാപ് ടോപ് കമ്പ്യൂട്ടര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
Next Story