Top

'എസ്ഡിപിഐയുമായി സഖ്യമില്ല, ഭരണസമിതിയോട് എതിർപ്പുള്ളവർ പ്രമേയത്തെ അനുകൂലിച്ചിരിക്കാം'; സിപിഐഎം

സിപിഐഎം സംസ്ഥാന സമിതിയുടെ നിലപാടിന് വിരുദ്ധമായി യാതൊരു തീരുമാനവും ഈരാറ്റുപേട്ടയില്‍ എടുക്കില്ല

13 Sep 2021 2:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്ഡിപിഐയുമായി സഖ്യമില്ല, ഭരണസമിതിയോട് എതിർപ്പുള്ളവർ പ്രമേയത്തെ അനുകൂലിച്ചിരിക്കാം; സിപിഐഎം
X

ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ഭരണ സമിതിക്കെതിരെ ഇടത് മുന്നണി അവതരിപ്പിച്ച അവിശ്വാസത്തിന് ലഭിച്ച എസ്ഡിപിഐ പിന്തുണയില്‍ വിശദീകരണവുമായി സിപിഐഎം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്. പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ല. ഭരണസമിതോട് അഭിപ്രായം വിത്യാസമുള്ള പലരും അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കാം. അതിനപ്പുറം ഇത് ഒരുതരത്തിലുമുള്ള സഖ്യത്തിന്റെ സൂചനയല്ലെന്നും കുര്യാക്കോസ് ജോസഫ് വ്യക്തമാക്കി.

സിപിഐഎം സംസ്ഥാന സമിതിയുടെ നിലപാടിന് വിരുദ്ധമായി യാതൊരു തീരുമാനവും ഈരാറ്റുപേട്ടയില്‍ എടുക്കില്ല. തുടര്‍നടപടികള്‍ പാര്‍ട്ടിയുടെ നയത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐഎമ്മിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കുര്യാക്കോസ് ജോസഫ് അറിയിച്ചു.

ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ഭരണ സമിതിക്കെതിരെ ഇടത് മുന്നണി അവതരിപ്പിച്ച അവിശ്വാസം എസ്ഡിപിഐ പിന്തുണയോടെയാണ് പാസായത്. ചെയര്‍ പേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുള്‍ ഖാദറിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. ഈരാറ്റുപേട്ട നഗരസഭ മുന്‍ ഭരണ നേതൃത്വത്തിന്റെ വിവേചനപരവും ഏകാധിപത്യപരവുമായ നിലപാടുകള്‍ക്കെതിരായ നിലപാടാണ് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതിലൂടെ എസ്ഡിപിഐ കൈക്കൊണ്ടതെന്നു പാര്‍ട്ടി മുനിസിപ്പല്‍ പ്രസിഡന്റ സി എച്ച് ഹസീബ് മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു.

സി എച്ച് ഹസീബിന്റെ പ്രതികരണം:

''അവിശ്വാസ പ്രമേയം പാര്‍ട്ടിയുടെ അഞ്ച് കൗണ്‍സിലര്‍മാരുടെയും പിന്തുണയോടെ പാസായിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ വന്ന അവിശ്വാസ നീക്കങ്ങളിലെന്ന പോലെ ഇത്തവണയും നാടിന്റെ വികസന താല്‍പര്യങ്ങള്‍ മാത്രം പരിഗണിച്ചുള്ള നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്.'' ''കഴിഞ്ഞ ഒന്‍പത് മാസത്തെ ഭരണ കാര്യങ്ങളില്‍ സ്വജന പക്ഷപാതിത്വവും വിവേചനവും അസഹനീയമാം വിധത്തിലേക്ക് മാറിയിരുന്നു. വികസന കാര്യങ്ങളില്‍ വാചകക്കാസര്‍ത്തുകള്‍ക്കപ്പുറം ആശാവാഹമായ ഇടപെടലുകളൊന്നും തന്നെ നടന്നിട്ടില്ല. മുനിസിപ്പല്‍ കൗണ്സില്‍ അംഗങ്ങളെ ഒറ്റക്കെട്ടായി കൊണ്ടു പോകാന്‍ ഭരണ നേതൃത്വത്തിനായിട്ടില്ല. പ്രതിപക്ഷ കക്ഷികളിലെ ജനപ്രതിനിധികളോടുള്ള വിവേചനം അവരെ വിജയിപ്പിച്ചയച്ച പ്രദേശങ്ങളിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയില്ല.

തുടര്‍ച്ചയായുണ്ടാവുന്ന അവിശ്വാസ നീക്കങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നറിയാം. എന്നാല്‍, വീണ്ടും അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതില്‍ ഭരണ കക്ഷികളില്‍പ്പെട്ടവരാണ് ഉത്തരവാദികള്‍. ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതൃത്വം സ്വീകരിക്കേണ്ട പ്രായോഗിക പരിഹാരമാണ് പാര്‍ട്ടി ഇവിടെ കൈക്കൊണ്ടിട്ടുള്ളത്.'' അതിനെ രാഷ്ട്രീയക്കച്ചവടമായി പറഞ്ഞു പരത്തുന്നവര്‍ തെളിവുകളില്ലാത്ത കള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും എസ്ഡിപിഐ വിശദീകരിച്ചു.

Next Story