Top

'പഠിച്ചിട്ടില്ല, പ്രതികരിക്കാനില്ല'; അന്‍വറിന്റെ തന്ത വിളിയില്‍ സിപിഐഎം പ്രതികരണം

ആഫ്രിക്കയില്‍ പോയതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല

22 Aug 2021 11:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഠിച്ചിട്ടില്ല, പ്രതികരിക്കാനില്ല; അന്‍വറിന്റെ തന്ത വിളിയില്‍ സിപിഐഎം പ്രതികരണം
X

മാധ്യമപ്രവര്‍ത്തകനെതിരെ പിവി അന്‍വര്‍ എംഎല്‍എയുടെ തന്ത വിളിയില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ്. അന്‍വര്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മോഹന്‍ദാസ് പറഞ്ഞു. 'അത്തരം കാര്യങ്ങളെ കുറിച്ച് പാര്‍ട്ടി വേണ്ടത്ര മനസിലാക്കിയിട്ടില്ല. പഠിച്ചിട്ടുമില്ല. അതുകൊണ്ട് പ്രതികരിക്കാനില്ല.'-മോഹന്‍ദാസ് പറഞ്ഞു. അന്‍വറിന്റെ പാളി പോയ പഴയ പ്രസ്താവനകളെക്കുറിച്ച് പാര്‍ട്ടി പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്‍വറിനെതിരെ യുഡിഎഫ് നടത്തിയ ആക്ഷേപങ്ങള്‍ ജനങ്ങള്‍ തള്ളിയതാണെന്നും അതുകൊണ്ടാണ് അദ്ദേഹം വീണ്ടും നിലമ്പൂരില്‍ വിജയിച്ച് നിയമസഭയിലെത്തിയതെന്നും മോഹന്‍ദാസ് പറഞ്ഞു. അന്‍വറിന്റെ പ്രസ്താവനകളുടെ സ്വഭാവം പാര്‍ട്ടി വിലയിരുത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'അദ്ദേഹം ആഫ്രിക്കയില്‍ പോയതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. യുഡിഎഫ് നേതാക്കളും പലപ്പോഴായി വിദേശത്ത് ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകാറുണ്ട്.'-മോഹന്‍ദാസ് പറഞ്ഞു.

അതേസമയം, നിഗൂഢതയുള്ള വ്യക്തി എന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പിവി അന്‍വര്‍ രംഗത്തെത്തി. ഡോണാണ് താനെന്നും ഫിറോസൊക്കെ ചെയ്ത് കാട്ടാവുന്നത് അങ്ങ് കാട്ടിക്കോയെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.

പിവി അന്‍വര്‍ പറഞ്ഞത്: 'അതേ..ഡോണാണ്..പി.കെ.ഫിറോസൊക്കെ ചെയ്ത് കാട്ടാവുന്നത് അങ്ങ് കാട്ടിക്കോ..എനിക്ക് വീണ്ടും ലീഗാണ്..'

അന്‍വര്‍ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം ദുരൂഹമാണെന്നും ഒരുപാട് നിഗൂഢതയുള്ള വ്യക്തിയാണ് അദ്ദേഹമെന്നാണ് ഫിറോസ് ഇന്ന് പ്രതികരിച്ചത്. അന്‍വറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ലതായി ഒന്നും പറയാനില്ലെന്നും ഫ്യൂഡല്‍ മനോഭാവമാണ് അദ്ദേഹത്തിനെന്നും ഫിറോസ് പറഞ്ഞിരുന്നു.

പികെ ഫിറോസ് പറഞ്ഞത്: ''പിവി അന്‍വര്‍ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം ദുരൂഹമാണ്. ഒരുപാട് നിഗൂഢതയുള്ള വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ലതായി ഒന്നും പറയാനില്ല. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, വ്യവസായിയെ കബളിപ്പിച്ച കേസ്, കൊലപാതക കേസ് പ്രതി എന്നിവ ഉദാഹരണം. ഇപ്പോള്‍ അദ്ദേഹം ആഫ്രിക്കയില്‍ പോയതില്‍ ആളുകള്‍ക്ക് സംശയമുണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഒരു ഫ്യൂഡല്‍ മനോഭാവമാണ് അദ്ദേഹത്തിന്. മറ്റൊരു രാജ്യത്ത് പോയി ജനങ്ങളെ സേവിക്കാന്‍ അല്ല ജനങ്ങള്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിയമസഭയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകണം. ദൂരെ നിന്ന് എഴുതി കൊടുക്കുന്ന ചോദ്യങ്ങള്‍ നിയമസഭയില്‍ വരുന്നുണ്ടോ എന്നത് അല്ല ജനപ്രതിനിധിയുടെ ഉത്തരവാദിത്വം. നിയമസഭയില്‍ സാന്നിധ്യം ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. ബില്ലുകളില്‍ ചര്‍ച്ചയുണ്ടാകണം. ബില്ലുകള്‍ അവതരിപ്പിക്കേണ്ടി വരും. നിയമനിര്‍മാണത്തില്‍ ഇടപെടണം. ഒരു ജനപ്രതിനിധിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്നത് നിയമനിര്‍മാണ സഭയിലെ ഇടപെടലാണ്. ചോദ്യം ചോദിക്കാന്‍ ഇന്ന് ഏത് പൗരനും അധികാരമുണ്ട്. എംഎല്‍എയുടെ മാത്രം പ്രിവിലേജ് അല്ല അത്. ചോദ്യം ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിന് കഴിയില്ല. തികഞ്ഞ ഉത്തരവാദിത്തരാഹിത്യമാണ് അന്‍വറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.''

തന്നെ നിലമ്പൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും പിവി അന്‍വര്‍ രാവിലെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. മണ്ഡലത്തില്‍ എല്ലാദിവസവും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസുണ്ടെന്നും ജനങ്ങളുടെ ഏതൊരു വിഷയത്തിനു പരിഹാരമുണ്ടാക്കാന്‍ സംവിധാനം ഒരുക്കിയിട്ടാണ് താന്‍ ആഫ്രിക്കയില്‍ വന്നതെന്നുമാണ് അന്‍വര്‍ പ്രതികരിച്ചത്. ജനങ്ങള്‍ ബുദ്ധിമുട്ടരുത് എന്നുള്ളത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്തതെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

പിവി അന്‍വര്‍ പറഞ്ഞത്: ''ഞായറാഴ്ചകളില്‍ വരെ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസ് എനിക്ക് നിലമ്പൂരിലുണ്ട്. ഏഴ് സ്റ്റാഫുകള്‍ക്ക് ശമ്പളം കൊടുക്കുന്നുമുണ്ട്. ആ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ഏതൊരു വിഷയത്തിനു പരിഹാരമുണ്ടാക്കാന്‍ അങ്ങനെയൊരു സംവിധാനം ഒരുക്കിയിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത്. ഒരു തരത്തിലും ജനങ്ങള്‍ ബുദ്ധിമുട്ടരുത് എന്നുള്ളത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്തത്. ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ ഇക്കാര്യം ബോധിപ്പിച്ചിട്ടുള്ളതാണ്. മൂന്ന് മാസത്തേക്ക് പാര്‍ട്ടി എനിക്ക് അവധിയും അനുവദിച്ചിട്ടുള്ളതാണ്. അതിനുശേഷമാണ് ആഫ്രിക്കയിലോട്ട് വന്നത്. കള്ളവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളാണ് എന്നെ നാടുകടത്തിയത്. ആഫ്രിക്കയിലെ സിയറ ലിയോണ്‍ എന്ന് പറയുന്ന സ്ഥലത്താണ് ഞാനിപ്പോള്‍. ഇവിടെ സ്വര്‍ണ ഖനനത്തിലാണ്. സാമ്പത്തിക ബാധ്യത കാരണം നാട്ടില്‍ നില്‍ക്കാന്‍ വയ്യാതെയാണ് ആഫ്രിക്കയിലേക്ക് വന്നത്. യുഡിഎഫ് എന്നെ നിരന്തരം വേട്ടയാടുകയാണ്. കല്യാണങ്ങള്‍ക്ക് പോകലും വയറ് കാണലുമല്ല എന്റെ പണിയെന്നേ അവരോട് പറയാനുള്ളൂ.''

Next Story