Top

'വിദ്വേഷ പ്രചരണങ്ങളില്‍ കർശന നടപടി വേണം'; സർക്കാരിനോട് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

17 Sep 2021 9:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്വേഷ പ്രചരണങ്ങളില്‍ കർശന നടപടി വേണം; സർക്കാരിനോട് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
X

പാല ബിഷപ്പിൻ്റെ വിവാദ പരാമർശത്തെ തുടർന്ന് സമൂഹത്തിൽ ഉണ്ടായ കലുഷിത സാഹചര്യം അവസാനിപ്പിക്കാൻ സർക്കാർ ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശം നടത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തുന്നതും, സർവ്വകക്ഷി യോഗം വിളിക്കുന്നതുo അടക്കമുള്ള കാര്യങ്ങൾ സർക്കാരിൻ്റെ പരിഗണനയിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്. ക്രൈസ്തവരില്‍ ചെറിയൊരുവിഭാഗത്തിൽ വര്‍ഗീയ സ്വാധീനം ഉണ്ടാകുന്നുണ്ടെന്നും ഇത് ഗൗരവമായി കാണണമെന്നുമായിരുന്നു സിപിഐഎമ്മിന്‍റെ കുറിപ്പിലെ പരാമർശം. ആരാധനാലയങ്ങളില്‍ ബിജെപി കടന്നു കയറ്റം തടയണമെന്നും സിപിഐഎം നിര്‍ദ്ദേശിച്ചു.

മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ– തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന ആമുഖത്തോടെയാണ് ന്യൂനപക്ഷ വര്‍ഗീയതയെ കുറിച്ചുള്ള സിപിഐഎം കുറിപ്പിലെ ഭാഗങ്ങൾ ആരംഭിക്കുന്നത്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നു. പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയും ഇത്തരം ശ്രമം നടക്കുന്നുവെന്നും കുറിപ്പിൽ സിപിഐഎം ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി രാഷ്ട്രീയശക്തി നേടുന്നത് കണ്ടില്ലെന്ന് നടിക്കരുത്, ഇത് തടയണമെന്ന നിര്‍ദേശവും സിപിഎം നല്‍കുന്നുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വര്‍ഗീയവാദികളുടെ കയ്യിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന വിധത്തിലായിരിക്കണം ഇടപെടല്‍ നടത്തേണ്ടതെന്നും പാര്‍ട്ടി കുറിപ്പിൽ ഓർമ്മപ്പെടുത്തുന്നു.ക്ഷേത്രവിശ്വാസികളെ വര്‍ഗീയവാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കുന്നതിന് കഴിയും വിധം ആരാധനാലയങ്ങളില്‍ ഇടപെടാന്‍ കഴിയണമെന്നും പ്രവർത്തകരോട് നിർദ്ദേശിക്കുന്നതായിരുന്നു സിപിഐഎമ്മിന്‍റെ കുറിപ്പ്.

Next Story