Top

'ബിജെപി അജണ്ടയുടെ ലൗഡ് സ്പീക്കറായി സിപിഐഎം മാറരുത്'; കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും യൂത്ത് കോണ്‍ഗ്രസ്

ജാഗ്രത ആദ്യം കാണിക്കേണ്ടത് ഭരണകൂടമാണ്.

19 Sep 2021 10:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി അജണ്ടയുടെ ലൗഡ് സ്പീക്കറായി സിപിഐഎം മാറരുത്; കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും യൂത്ത് കോണ്‍ഗ്രസ്
X

പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ഥികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന സിപിഐഎം വാദത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ഗുരുതരമായ ആരോപണമാണ് സിപിഐഎം ഉന്നയിച്ചിരിക്കുന്നതെന്നും അത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഷാഫി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

''രാഷ്ട്രീയ രംഗത്ത് സജീവമായവര്‍ ഒരു വാക്കിലൂടെ പോലും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാനുളള അവസരങ്ങള്‍ ഉണ്ടാക്കരുത്. ഈ പ്രസ്താവനയിലൂടെ സംഘപരിവാറിന് കുട പിടിക്കുകയാണ് സിപിഐഎം ചെയ്തത്. ഇക്കാര്യങ്ങള്‍ ഏതെങ്കിലും ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ടൊയെന്നും, ഏതെങ്കിലും വിദ്യാര്‍ഥി സംഘടനയ്ക്ക് ഇതില്‍ പങ്കുണ്ടൊയെന്നും അറിയാതെ സമൂഹത്തില്‍ ആശങ്ക നിറയ്ക്കരുത്. ഇത് സമൂഹത്തിലെ ഒരു വിഭാഗത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചെയ്തത്. എല്ലാ മതങ്ങളിലും ഉള്ള വര്‍ഗീയതയെ തുറന്ന് എതിര്‍ക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനച്ചിരിക്കുന്നത്. ഈ എതിര്‍പ്പ് തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്ക് കാരണമായാലും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അരുത്. അതിന്റെ പേരില്‍ എത്ര തിരഞ്ഞെടുപ്പ് തോറ്റാലും ഖേദിക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിനോട് ഞങ്ങള്‍ക്കു പറയാനുളളത്. ഇതു കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.''- ഷാഫി പറഞ്ഞു.

ബിജെപി അജന്‍ഡയുടെ ലൗഡ് സ്പീക്കറായി കേരളത്തിലെ സിപിഎം മാറരുതെന്നും ഷാഫി ആവശ്യപ്പെട്ടു. വാക്കുകളിലുടേയും എഴുത്തുകളിലൂടെയും നാട്ടിലെ ഐക്യം തകര്‍ക്കാന്‍ കഴിയും. മറിച്ചൊരു പ്രസ്താവനയിലൂടെ ഐക്യം വീണ്ടെടുക്കാന്‍ സാധിക്കണമെന്നില്ല. ആ ജാഗ്രത ആദ്യം കാണിക്കേണ്ടത് ഭരണകൂടമാണ്. പാലാ ബിഷപ്പിന്റെ പ്രസ്താവന സൃഷ്ടിച്ച രാഷ്ട്രീയ അന്തരീക്ഷത്തില്‍ എന്തു വിളവെടുക്കണം എന്നാണ് സിപിഐഎമ്മും സര്‍ക്കാരും നോക്കുന്നത്. ആശങ്കയുണ്ടെങ്കില്‍ അതു പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നവരെ അതില്‍നിന്നു മാറ്റി നിര്‍ത്താന്‍ ശ്രമിക്കേണ്ടതും സര്‍ക്കാരാണെന്നും ഷാഫി വ്യക്തമാക്കി.

Next Story