Top

ലോക്ക്ഡൗണ്‍ ദിവസം സിപിഐഎം പൊതുയോഗം; പങ്കെടുത്തത് നൂറിലധികം പേര്‍

6 Sep 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്ക്ഡൗണ്‍ ദിവസം സിപിഐഎം പൊതുയോഗം; പങ്കെടുത്തത് നൂറിലധികം പേര്‍
X

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ദിവസം മാനഡണ്ഡങ്ങള്‍ ലംഘിച്ച് സിപിഐഎം പൊതുയോഗം. സിപിഐഎമ്മിലേക്ക് പുതിയതായി എത്തിയ നൂറിലധികം പേരെ സ്വീകരിക്കുന്നതിലുള്ള ചടങ്ങായിരുന്നു മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടന്നത്. തിരുവല്ല കുറ്റൂരിലെ വെങ്ങേരിയിലായിരുന്നു യോഗം നടന്നത്.

നൂറ്റിരണ്ട് പേരാണ് ഞായറാഴ്ച നടന്ന ചടങ്ങില്‍ പാര്‍ട്ടിയിലേക്ക് എത്തിയത്. ഇവര്‍ക്ക് പുറമെ നിരവധി പേരാണ് ചടങ്ങില്‍ പങ്കാളികളായത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെജെ തോമസ് യോഗത്തില്‍ പങ്കെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ വീടാക്രമിച്ച് മണ്ണുമാന്തി യന്ത്രമടക്കം ഉപയോഗിച്ച് മതില്‍ പൊളിച്ച് റോഡ് വെട്ടി വിവാദം ഉണ്ടായ തിരുവല്ല കുറ്റൂരില്‍ ആ റോഡിന്റെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെയാണ് ഞായറാഴ്ച പാര്‍ട്ടിയില്‍ ചേര്‍ന്നത്. ആക്രമണത്തിന്റെ പേരില്‍ പൊലീസ് കേസെടുത്ത പഞ്ചായത്ത് പ്രസിഡന്റ് സഞ്ജുവും ഞായറാഴ്ചയിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

തിരുവല്ല കുറ്റൂര്‍ തെങ്ങേലി രമണന്റെ വീടായിരുന്നു ഓഗസ്റ്റ് എട്ടിന് രാത്രി ആക്രമിക്കപ്പെട്ടത്. രാത്രി പതിനൊന്നേമുക്കാലോടെയാണ് മുപ്പതോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി എത്തിയത്. ഗേറ്റ് പുറത്ത് നിന്ന് പൂട്ടി മതില്‍ പൊളിച്ച് റോഡ് നിര്‍മിക്കുകയായിരുന്നു. തടയാന്‍ ചെന്ന വീട്ടുടമയെ വെട്ടി പരിക്കേല്‍പ്പിച്ചെന്നും ആരോപണം ഉണ്ടായിരുന്നു. വീട്ടിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജുവുള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Next Story