Top

ഇടുക്കി വട്ടവടയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം സിപിഐഎം നേതാക്കള്‍ സിപിഐയിലേക്ക്

പതിനാറു വർഷമായി പരിഹരിക്കപ്പെടാത്ത നീലക്കുറിഞ്ഞി ഭൂമി പ്രശ്നമാണ് പാർട്ടി വിടാന്‍ കാരണമെന്നാണ് സിപിഐഎം നേതാക്കളുടെ മറുപടി.

8 Oct 2021 12:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടുക്കി വട്ടവടയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം സിപിഐഎം നേതാക്കള്‍ സിപിഐയിലേക്ക്
X

ഇടുക്കി വട്ടവടയില്‍ സിപിഐഎം നേതാക്കള്‍ സിപിഐയിലേക്ക്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് അടക്കം മുന്നൂറ്റി അമ്പത് പേരാണ് സിപിഐഎം വിട്ട് സിപിഐയില്‍ ചേർന്നത്. ചടങ്ങില്‍ കോണ്‍ഗ്രസ് വിട്ട പ്രാദേശിക നേതാക്കളും പ്രവർത്തകരും ഇവർക്കൊപ്പം സിപിഐ അംഗത്വം സ്വീകരിച്ചു. ഈ മാസം 16 നായിരിക്കും ഇവരുടെ പാർട്ടി പ്രവേശം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

പതിനാറു വർഷമായി പരിഹരിക്കപ്പെടാത്ത നീലക്കുറിഞ്ഞി ഭൂമി പ്രശ്നമാണ് പാർട്ടി വിടാന്‍ കാരണമെന്നാണ് സിപിഐഎം നേതാക്കളുടെ മറുപടി.

'ഇപ്പോഴും വെള്ളവും റോഡുമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങളില്ലാതെ, വനം വകുപ്പില്‍ തടയുന്നതുകൊണ്ട് ഭൂമിക്ക് എന്‍ഒസി കിട്ടാതെ ദുരിതത്തിലാണ് അവിടുത്തെ ജനത ജീവിക്കുന്നത്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെയും പിന്നീട് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ കാലത്ത് അദ്ദേഹത്തെയും മറ്റ് മന്ത്രിമാരെയും ഈ വിഷയം ഉന്നയിച്ച് സമീപിച്ചിരുന്നു. പാർട്ടിയുടെ ബ്ലോക്ക് കമ്മിറ്റികളിലും ഏരിയ കമ്മിറ്റികളിലും ഈ വിഷയം ചർച്ചചെയ്തതാണ്.

ഒടുവില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെ വി ശശിയെ സമീപിച്ചപ്പോള്‍ വട്ടവടയിലെ ഭൂമിയെല്ലാം കയ്യേറ്റ ഭൂമിയാണെന്ന് ആയിരുന്നു ലഭിച്ച മറുപടി. ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്റെ ഭാഗത്തുനിന്ന് വരാന്‍ പാടില്ലാത്ത വാക്കായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് വെെക്കം വിശ്വന്റെ നേതൃത്വത്തിലെ ഒരു സമിതി ഇടുക്കിയിലെ ഭൂമിയെല്ലാം കയ്യേറ്റഭൂമിയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന ് റിപ്പോർട്ടു നല്‍കിയെന്നായിരുന്നു കെ വി ശശി നല്‍കിയ വിശദീകരണം. 450 വർഷങ്ങള്‍ക്ക് മുന്‍പ് രാജഭരണ കാലം മുതല്‍ കുടിയേറിയ ഞങ്ങളെ ഇത്തരം ധാർഷ്ട്യം കൊണ്ട് അപമാനിക്കാനാണ് ശ്രമിച്ചത്. ഈ പശ്ചാത്തലത്തിലാണ് പാർട്ടി വിടാന്‍ തീരുമാനിച്ചതെന്നും'- മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സിപിഐഎമ്മിന്‍റെ കോട്ടയായ വട്ടവടയില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐലേയ്ക്ക് ചേക്കേറിയത്. എന്നാല്‍ രാമരാജിനെ നേരത്തെ തന്നെ സിപിഐഎമ്മില്‍ നിന്നും പുറത്തായിരുന്നു എന്നാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

Next Story