Top

'വാര്‍ത്ത ചെറുതായി കൊടുത്തതല്ല, വലിയ പത്രമായത് കൊണ്ട് തോന്നുന്നതാണ്'; മനോരമയെ പരിഹസിച്ച് സിപിഐഎം

മുസ്ലിം ലീഗ് നേതൃത്വം കൂടുതല്‍ വെട്ടിലായിരിക്കുകയാണ്

5 Aug 2021 12:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാര്‍ത്ത ചെറുതായി കൊടുത്തതല്ല, വലിയ പത്രമായത് കൊണ്ട് തോന്നുന്നതാണ്; മനോരമയെ പരിഹസിച്ച് സിപിഐഎം
X

മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി വീണ്ടും ചോദ്യംചെയ്യുമെന്ന വാര്‍ത്ത മലയാള മനോരമ ദിനപത്രം പ്രസിദ്ധീകരിച്ച രീതിയെ പരിഹസിച്ച് സിപിഐഎം നേതാക്കള്‍. സിപിഐഎം നേതാക്കളായ പികെ ശശി, എന്‍എന്‍ കൃഷ്ണദാസ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം തുടങ്ങിയവരാണ് മനോരമയെ പരിഹസിച്ച് രംഗത്തെത്തിയത്.

റഹീം പറഞ്ഞത് ഇങ്ങനെ: സത്യമായും വാര്‍ത്ത ചെറുതായി കൊടുത്തതല്ല. 'വലിയ പത്രമായത്' കൊണ്ട് ചെറുതായി തോന്നുന്നതാണ്.



കൃഷ്ണദാസ് പറഞ്ഞത്: ഇത് CPI-M മായി വിദൂരബന്ധമുള്ള ആര്‍ക്കെങ്കിലുമായിരുന്നെങ്കില്‍ എന്താവും സ്ഥിതി? നിഷ്പക്ഷ പത്ര ധര്‍മ്മം!!! ത്ഫൂ.......!!!

പികെ ശശി പറഞ്ഞത്: Troll of the day ! ഇനി വീട്ടിലിരുന്നാവാം കണ്ണുപരിശോധന, മനോരമ വായിച്ച്.


നേതാക്കളുടെ പോസ്റ്റുകള്‍ സിപിഐഎം പ്രവര്‍ത്തകരും ഏറ്റെടുത്തിരിക്കുകയാണ്. ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പകരം സിപിഐഎമ്മുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്ന വ്യക്തിയെയാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെങ്കില്‍ മാധ്യമങ്ങള്‍ ഈ രീതിയില്‍ അല്ല വാര്‍ത്ത പ്രസിദ്ധീകരിക്കുകയെന്നും സൈബര്‍ സിപിഐഎം അഭിപ്രായപ്പെടുന്നു.

അതേസമയം, കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാമതും ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുസ്ലിം ലീഗ് നേതൃത്വം കൂടുതല്‍ വെട്ടിലായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെയുള്ള കെ.ടി ജലീലിന്റെ ആരോപണം ലീഗ് നേതൃത്വം അവഗണിച്ചെങ്കിലും തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ നിന്നും ഒഴിഞ്ഞു മാറുക എളുപ്പമാകില്ല. സംഭവത്തില്‍ വ്യക്തിപരമായി കുഞ്ഞാലികുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രതിക്കൂട്ടില്‍ ആയിരിക്കുന്നത്. വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ വന്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്. ചന്ദ്രിക പത്രത്തിലെ 10 കോടി രൂപയുടെ ഇടപാടില്‍ ദുരൂഹതയില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദമാണ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ പൊളിഞ്ഞത്.

മുസ്ലിം ലീഗ് അധ്യക്ഷന്‍ എന്നതിലുപരി ആത്മീയാചാര്യന്‍ കൂടിയായ ഹൈദരലി ശിഹാബ് തങ്ങളെ കള്ളപ്പണ ഇടപാടിലേക്ക് വലിച്ചിഴച്ചത് നേതാക്കളുടെ അനധികൃത സാമ്പത്തിക ഇടപാടുകളാണെന്ന ആക്ഷേപവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു വിഭാഗം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍ രംഗത്തെത്തിയത്. തങ്ങള്‍ക്ക് ഇഡി നല്‍കിയ നോട്ടീസ് പുറത്തു വന്നതിന് പിന്നില്‍ പാര്‍ട്ടിയ്ക്ക് അകത്തെ തന്റെ ശത്രുക്കള്‍ തന്നെയാണെന്ന കണക്കുകൂട്ടലിലാണ് കുഞ്ഞാലിക്കുട്ടി. പുതിയ വിവാദങ്ങള്‍ ഉയര്‍ന്നതോടെ വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തരമായി മുസ്ലിംലീഗ് ഉന്നതാധികാരസമിതി യോഗം യോഗം വിളിച്ചു ചേര്‍ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

Next Story