Top

'എല്‍ഡിഎഫ് മാവേലിയുടെ നന്മയുടെ പ്രതീകം'; ബിജെപി വാമന അവതാരമെന്ന് എംവി ജയരാജന്‍

നിര്‍ദോഷമായ ഒരു ആഹ്വാനമല്ല ഇത് ആര്‍എസ്എസ്സി ന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്.

21 Aug 2021 11:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ഡിഎഫ് മാവേലിയുടെ നന്മയുടെ പ്രതീകം; ബിജെപി വാമന അവതാരമെന്ന് എംവി ജയരാജന്‍
X

വിഭജന ദിനാചരണം നടത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങളെ ഭിന്നിപ്പിക്കാനും വെറുപ്പിന്റെ രാഷ്ട്രീയ പ്രചരണവുമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

''സ്വാതന്ത്രത്തിന്റെ 75 ആം പിറന്നാള്‍ദിനത്തിലാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസംഗം നടത്തിയത്. നിര്‍ദോഷമായ ഒരു ആഹ്വാനമല്ല ഇത് ആര്‍എസ്എസ്സി ന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്. വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ആര്‍എസ്എസ് സ്ഥാപക നേതാവ് സ്വാതന്ത്ര്യസമര കാലത്ത് പറഞ്ഞത് ബ്രിട്ടീഷ് വിരുദ്ധരാവുന്നത് ദേശവിരുദ്ധമാണെന്നതായിരുന്നു. ഹിന്ദു മഹാസ്ഥാപക നേതാവ് സവര്‍ക്കര്‍ ബ്രിട്ടീഷ് പാദസേവ ചെയ്തയാളും ജിന്നയോടൊപ്പം വിഭജനത്തിന് കൂട്ടുനിന്ന ആളുമാണ്. സിപിഐഎമ്മിന്റെ പ്രഥമ പി. ബി. അംഗങ്ങളായ ഒമ്പത് പേരും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും രണ്ടരവര്‍ഷം മുതല്‍ പന്ത്രണ്ട് വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്തവരാണ്. എന്നാല്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്ത ആര്‍എസ്എസ്സിന്റേയോ ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിയുടെയോ നേതാക്കളില്‍ ഒരാള്‍ക്ക് പോലും ഇത്തരമൊരു പാരമ്പര്യം അവകാശപ്പെടാനില്ല.'' അതുകൊണ്ടാണോ യുവജനദിനം ആചരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെന്നും ജയരാജന്‍ ചോദിച്ചു.

''ആഗസ്റ്റ് 14 വിഭജനദിനമായി ആചരിക്കുകയല്ല, ആഗസ്റ്റ് 15 സ്വാതന്ത്ര്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ് ദേശസ്‌നേഹികള്‍ ചെയ്യേണ്ടത്. മലയാളികള്‍ ഓണം ആഘോഷിക്കുന്നത് 'മാനുഷരെല്ലാം ഒന്നു പോലെ ' എന്ന സന്ദേശം ഉയര്‍ത്തിയാണ്. അതാവട്ടെ മാവേലിയുടെ ഭരണകാലത്ത് സമ്പല്‍ സമൃദ്ധവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു സമൂഹം ഉണ്ടായിരുന്നു എന്ന മഹത്തായ സങ്കല്‍പ്പത്തെയാണ് സൂചിപ്പിക്കുന്നത്. മോഡിയുടെ ഭരണകാലത്തെ ക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുക വാമന അവതാരമിയിരിക്കും എന്നാണ്. മാവേലി നന്മയുടെ പ്രതീകവും, വാമനന്‍ തിന്മയുടെ അവതാരമാണ്.''

''ദുരിതകാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം തുടര്‍ച്ചയായി ദ്രോഹിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം പാചകവാതക വില ആഗസ്റ്റ് 17 ന് വീണ്ടും വര്‍ധിപ്പിച്ചതാണ്. 25 രൂപ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഗാര്‍ഹിക ആവശ്യത്തിനുള്ള ഒരു സിലിണ്ടറിന് 866.50 രൂപയായി. വീട്ടിലെത്തുമ്പോള്‍ അത് 900 രൂപയാകും. പാചകവാതക സബ്‌സിഡി പിന്‍വലിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുമ്പോള്‍ എക്‌സൈസ് തീരുവയും സെസ്സും വര്‍ധിപ്പിച്ച് ഇന്ധനവില കൂട്ടുകയാണ് കേന്ദ്രം ചെയ്യുന്നത്. ഓണക്കാലത്തെ ഭരണകൂട കൊള്ളയല്ലാതെ ഇത് മറ്റൊന്നുമല്ല.''- എംവി ജയരാജന്‍ പറഞ്ഞു.

''ഇടതുപക്ഷം നന്മമരമാണ്. വിശപ്പിന്റെ വില അറിയുന്നതുകൊണ്ടാണ് ആരും പട്ടിണി കിടക്കാത്ത നാടാക്കി മാറ്റാന്‍ തൊണ്ണൂറു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചതും മാസംതോറും നല്‍കുന്നതും പാവങ്ങളോടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൂറെന്ന് തെളിയിക്കുന്നു. നേരത്തെ പെന്‍ഷന്‍ സര്‍ക്കാര്‍ എന്ന് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ കിറ്റ് വിജയന്‍ എന്നാണ് പരിഹാസത്തോടെ പറയുന്നത്. ഇത് രണ്ടും ഇടതുപക്ഷം ക്രെഡിറ്റ് ആയി കാണുന്നു. പെന്‍ഷനും കിറ്റും ആരുടേയും ഔദാര്യമല്ല. ജനങ്ങളുടെ അവകാശമാണ്. മതസൗഹാര്‍ദ്ദവും മതനിരപേക്ഷതയും കേരളത്തില്‍ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉത്തരേന്ത്യയെപ്പോലെ കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഇല്ലാത്തത്.'' മലയാളികളുടെ മാതൃഭൂമി ഓണം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന് തന്നെ ഇടതുപക്ഷഭരണം മാതൃകയും അഭിമാനകരവുമാണെന്നും എംവി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Next Story