Top

ചവറയിലെ കൊടികുത്തല്‍ ഭീഷണി; ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വീഴ്ച പറ്റിയില്ലെന്ന് സിപിഐഎം

വിവാദ ഭൂമിയില്‍ നിലം നികത്തല്‍ നടന്നുവെന്ന് വ്യക്തമാക്കിയുള്ള കൃഷി വകുപ്പ് റിപ്പോര്‍ട്ട്

25 Sep 2021 1:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചവറയിലെ കൊടികുത്തല്‍ ഭീഷണി; ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വീഴ്ച പറ്റിയില്ലെന്ന് സിപിഐഎം
X

ചവറയിലെ ഭൂമി വിവാദത്തില്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വീഴ്ച പറ്റിയില്ലെന്ന് സി പിഐഎം ജില്ലാ ഘടകത്തിന്റെ വിലയിരുത്തല്‍. രക്തസാക്ഷി സ്മാരകത്തിന് പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസി കുടുംബത്തെ സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തിയതായുള്ള പരാതിയിലാണ് പ്രാദേശിക നേതാവിനെ പിന്തുണയ്ച്ച് ജില്ലാ നേതൃത്വം രംഗത്തെത്തുന്നത്. പ്രവാസിയോട് പണം ചോദിച്ചുവെന്ന സംഭവത്തില്‍ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി കുറ്റക്കാരനല്ലെന്നാണ് സിപിഐഎം ജില്ലാ ഘടകത്തിന്റെ വിലയിരുത്തല്‍.

സി പിഐ എം ബ്രാഞ്ച് സെക്രട്ടറി, പ്രവാസിയുടെ ബന്ധുവിനോട് പണം ആവശ്യപ്പെട്ടുവെന്ന തരത്തിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയത്. വിഷയത്തില്‍ സിപിഐഎം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ കൊല്ലം കോവൂര്‍ സ്വദേശികളായ ഷഹി വിജയനും ഭാര്യ ഷൈനിയും മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതിയും നല്‍കിയിരുന്നു. പിരിവ് നല്‍കാത്തതിനാല്‍ കുടുംബം മുഖംമൂടി മുക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുറത്ത് കൊടി കുത്തുമെന്നും ഇതിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പിന്നാലെ പ്രവാസിയുടെ ബന്ധു ബ്രാഞ്ച് സെക്രട്ടറിക്ക് വാഗ്ദാനം ചെയ്യുന്ന തരത്തിലെ ഫോണ്‍ രേഖയും പുറത്തു വന്നു.

സംഭവത്തില്‍ തേലവക്കര കൃഷി ഓഫീസര്‍ക്കെതിരേയും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഡേറ്റാ ബാങ്കില്‍ നിന്ന് സ്ഥസം ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഇത് സിപിഐഎം നേതാവും കൃഷി ഓഫീസറും തമ്മില്‍ ഒളിച്ചുകളിച്ചതാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, വിവാദ ഭൂമിയില്‍ നിലം നികത്തല്‍ നടന്നുവെന്ന് വ്യക്തമാക്കിയുള്ള കൃഷി വകുപ്പ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ടറിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം സബ് കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമുണ്ടായി എന്ന് ചൂണ്ടിക്കാട്ടുന്ന രേഖയാണ് കൃഷി വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പിന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് സബ് കളക്ടര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്ന പ്രദേശത്ത് നിലംനികത്തലുണ്ടായി. നിലത്ത് പില്ലര്‍ സ്ഥാപിച്ച് മതിലു കെട്ടി വൃക്ഷങ്ങള്‍ നട്ടുപിടിച്ച നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭൂമിയില്‍ വരുത്തിയ മാറ്റങ്ങളുടെ ചിത്രങ്ങളും ഉദ്യോഗസ്ഥര്‍ പകര്‍ത്തിയിരുന്നു.

കണ്‍വെന്‍ഷന്‍ സെന്ററിന്റ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സിപിഐഎം നേതാവ് ഭീഷണിയുമായി രംഗത്തെത്തിയത്. ശ്രീകുമാര്‍ മന്ദിരത്തിനായി പതിനായിരം രൂപ പിരിവ് എഴുതിയിട്ട് രണ്ട് വര്‍ഷമായെന്നും പണം ചോദിക്കുമ്പോള്‍ കളിയാക്കി വിടുകയാണെന്നും ബിജു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇനി പത്ത് പൈസ പിരിവ് വേണ്ട, നാളെ രാവിലെ വസ്തുവില്‍ ഒറ്റപണി നടക്കില്ലെന്നും തഹസില്‍ദാരും വില്ലേജ് ഓഫീസറും അവിടെ വരുമെന്നും കൊടികുത്തുമെന്നുമാണ് ഭീഷണി.

Next Story