Top

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരേക്ക്?; അന്തിമ തീരുമാനം നാളെ

മുന്‍പ് 2012-ല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് വേദിയായിരുന്നു

6 Aug 2021 10:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരേക്ക്?; അന്തിമ തീരുമാനം നാളെ
X

ഇരുപത്തിമൂന്നാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ വേദിയാകാന്‍ സാധ്യത. ഇന്നുചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ശുപാര്‍ശ മുന്നോട്ടുവയ്ക്കപ്പെട്ടത്. കേന്ദ്രകമ്മിറ്റി തീരുമാനം അംഗീകരിക്കുകയാണെങ്കില്‍ ഒമ്പതുവര്‍ഷത്തിന് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെത്തും. നാളെയായിരിക്കും അന്തിമ തീരുമാനം. മുന്‍പ് 2012-ല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് വേദിയായിരുന്നു.

തമിഴ്നാടും, പശ്ചിമ ബംഗാളും കേരളത്തിനൊപ്പം പാർട്ടി കോൺഗ്രസ് വേദിയായി പരിഗണിക്കുന്നുണ്ട്. എന്നാൽ സംഘടന ശക്തിയും, യാത്രാ സൗകര്യവും പരിഗണിക്കുമ്പോൾ കണ്ണൂർ തന്നെ വേദിയാകാനാണ് സാധ്യത. അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം, കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനമാണ് ആറുമാസത്തിന് ശേഷം ചേരുന്ന കേന്ദ്രകമ്മിറ്റിയുടെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബംഗാള്‍ ഘടകത്തിന്റെ അവലോകന റിപ്പോർട്ട് യോഗത്തില്‍ സമർപ്പിക്കപ്പെടും. അതേസമയം, നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് കേന്ദ്രനേതൃത്വം അംഗീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ചർച്ചകള്‍ക്ക് സാധ്യത കുറവാണ്.
സോണിയ ഗാന്ധി- മമത ബാനര്‍ജി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേശീയതലത്തില്‍ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള മമതാ ബാനര്‍ജിയുടെ നീക്കവും യോഗം ചർച്ചചെയ്യും. വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുള്ള സാഹചര്യത്തില്‍ കൂട്ടായ നിലപാടിലേക്ക് എത്തുകയാണ് ലക്ഷ്യം.
ഇതിനുപുറമെ പെഗാസസ്, കർഷക സമരം അടക്കമുള്ള വിഷയത്തില്‍ മുന്നോട്ടുള്ള നടപടികളും, പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള മറ്റ് സമ്മേളനങ്ങളുടെ സമയക്രമവും കമ്മിറ്റിയില്‍ തീരുമാനമാകും. അംഗങ്ങളുടെ എണ്ണം കുറച്ചു കൊണ്ട് ഏപ്രിൽ ആകും പാർട്ടി കോൺഗ്രസ് നടക്കുക.






Next Story