Top

പാലക്കാട് സിപിഐഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്; വീടുകയറി ആക്രമണം

തദ്ദേശതെരഞ്ഞടുപ്പില്‍ ഫ്‌ളക്‌സ് വെച്ചതുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന

5 Sep 2021 3:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് സിപിഐഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്; വീടുകയറി ആക്രമണം
X

പാലക്കാട് അകത്തേത്തറ ധോണിയില്‍ സിപിഐഎം - സിപഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഐഎം പ്രവര്‍ത്തകരുടെ സംഘം എവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയും വീടിനുനേരെ കല്ലെറിയുകയും ചെയ്തു. സംഘര്‍ഷത്തില്‍ സിപിഐ ധോണി ബ്രാഞ്ച് അംഗം സുനിറിനും സിഐടിയു പ്രവർത്തകൻ രമേശിനും പരിക്കേറ്റു.

തദ്ദേശതെരഞ്ഞടുപ്പില്‍ ഫ്‌ളക്‌സ് വെച്ചതുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ വിമതനായി മത്സരിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം എന്നാണ് സിപിഐ വിശദീകരണം. തിരഞ്ഞെടുപ്പിന് ശേഷം മണികണ്ഠനൊപ്പം ഒരുപറ്റം സിപിഐഎം പ്രവർത്തകർ സിപിഐൽ ചേർന്നു. അതിനെതുടർന്ന് ആരംഭിച്ച സംഘഷത്തിന്റെ തുടർച്ചയായാണ് ആക്രമണമെന്നും സിപിഐ ആരോപിക്കുന്നു.

അതേസമയം, സിഐടിയു പ്രവർത്തകനെ സിപിഐ പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് സംഘഷം ഉണ്ടായതെന്നാണ് സിപിഐഎം ആരോപണം. സിഐടിയു ഓഫീസിലെ കൊടി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം നടത്തിയ പ്രകടനത്തില്‍ പ്രകോപിതരായ സിപിഐ പ്രവർത്തകർ സിഐടിയു പ്രവർത്തകനായ രമേശിനെ മർദ്ദിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് സിപിഐഎം പറയുന്നു. സംഭവത്തില്‍ ഇരുവിഭാഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷ സ്ഥലത്ത് ഹേമാംബിക നഗര്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

Next Story