Top

'എല്ലാം സത്യസന്ധവും സുതാര്യവുമാണ്'; കേരളത്തില്‍ കൊവിഡ്‌ വരാന്‍ സാധ്യത ഉള്ളവരുടെ എണ്ണം കൂടുതലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കുറഞ്ഞ മരണനിരക്ക് കൊവിഡ് പ്രതിരോധം മികച്ചതെന്നതിന് തെളിവാണ്

27 Aug 2021 11:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാം സത്യസന്ധവും സുതാര്യവുമാണ്; കേരളത്തില്‍ കൊവിഡ്‌ വരാന്‍ സാധ്യത ഉള്ളവരുടെ എണ്ണം കൂടുതലെന്ന് ആരോഗ്യമന്ത്രി
X

തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ ഉരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്നാം തരംഗം ആരംഭിച്ചോ എന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല, പക്ഷെ കര്‍ശന ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തില്‍ സത്യസന്ധവും സുതാര്യവുമാണ് കൊവിഡ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തെ കുറഞ്ഞ മരണനിരക്ക് കൊവിഡ് പ്രതിരോധം മികച്ചതെന്നതിന് തെളിവാണ്. രോഗബാധിതരില്‍ ദേശീയ തലത്തില്‍ 33 കേസുകളില്‍ ഒന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തിലത് ആറില്‍ ഒന്നാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ടെസ്റ്റുകളുടെ എണ്ണം വളരെ ഉയര്‍ന്നതാണ്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രമുഖ വൈറോളജിസ്റ്റുകള്‍ ഉള്‍പ്പെടെ കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുതലുണ്ട്, എന്നാല്‍ ഗുരുതര അവസ്ഥയിലുള്ള രോഗികളുടെ എണ്ണം വളരെ കുറവാണ്. നിലവില്‍ ഐസിയു സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ 2131 പേരും വെന്റിലേറ്ററില്‍ 757 പേരുമാണ് ചികില്‍സയിലുള്ളത്. 43 ശതമാനം ഐസിയു കിടക്കകള്‍ ഒഴിവാണ്. വാക്‌സിന്‍ എടുത്തവരിലെ രോഗ ബാധ ഉണ്ടെങ്കിലും അവരെ ഗുരുതരമായി ബാധിക്കുന്നില്ല എന്നത് ആശ്വാസകരമായ സംവിധാനമാണ്.

വീടുകളിലെ രോഗ പകര്‍ച്ച ഒഴിവാക്കാന്‍ ഹോം ഐസോലേഷന്‍ സൗകര്യം കര്‍ശനമായി പാലിക്കപ്പെടണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനം പരമാവധി കുറയ്ക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇന്ന് 1,70,000 ല്‍ അധികം ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും സുതാര്യമായാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നുണ്ട്. സെപ്തംബര്‍ 30 ന് മുന്‍പ് 18 ന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കേരളത്തില്‍ നിലവില്‍ മുപ്പതിനായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എങ്കിലും മെയ് 12 നാണ് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളും ടിപിആറും രേഖരപ്പെടുത്തിയത്. അന്ന് 43529 രോഗികള്‍ ഉണ്ടായപ്പോള്‍ ടിപിആര്‍ 29.7 ശതമാനം ആയിരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

Next Story