Top

കൊവിഡ് വ്യാപനം; നിർണ്ണായക അവലോകന യോഗം ഇന്ന്

'ടിപിആർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുന്നതിനുള്ള സാധ്യതയുണ്ട്.

24 Aug 2021 3:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വ്യാപനം; നിർണ്ണായക അവലോകന യോഗം ഇന്ന്
X

സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്തിനിടയിൽ നിർണായകമായ അവലോകന യോഗങ്ങൾ ഇന്ന് ചേരും. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രിവീണാ ജോർജിന്‍റെ നേതൃത്വത്തിൽ അടിയന്തര യോഗം രാവിലെ പത്തരയ്ക്ക് ചേരും. ഇതിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിവാര കൊവിഡ് അവലോകന യോഗം ഉച്ചയ്ക്ക് ശേഷവും നടക്കും. ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുന്നതിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

പ്രതിദിന രോഗ ബാധിതരുടെ എണ്ണം 40000 ത്തിലേക്ക് ഉയരുമെന്ന മുന്നറിയിപ്പുണ്ട്. ഇത് ആശങ്ക വർദ്ധിപ്പിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഓണത്തിന് നൽകിയ ഇളവുകൾ കൊവിഡ് വ്യാപനം കൂട്ടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പരിശോധനകൾ വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. മൂന്നാം തരംഗത്തെ നേടിടാനുള്ള മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും.. അതേസമയം നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

ഒക്ടോബർ മാസത്തോടെ മൂന്നാം തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐസിയുവും സജ്ജമാക്കി വരുന്നു. വെന്റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ലാ ജനറല്‍ ആശുപത്രികളിലെ ഐസിയുകളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്. വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗം ഉണ്ടായാല്‍ അതേറെ ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു വരുന്നു. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.

Next Story