Top

കൊവിഡ്: കേരളത്തില്‍ ഡെല്‍റ്റയുടെ പുതിയ ഉപവകഭേദം കൂടുന്നു; ഓഗസ്റ്റില്‍ മാത്രം ആറ് ശതമാനം

2 Sep 2021 1:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ്: കേരളത്തില്‍ ഡെല്‍റ്റയുടെ പുതിയ ഉപവകഭേദം കൂടുന്നു; ഓഗസ്റ്റില്‍ മാത്രം ആറ് ശതമാനം
X

മാതൃകാപരമായ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളാണ് കേരളത്തിലേത് എന്ന് പ്രമുഖ ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുമ്പോഴും ആശങ്കയായി ഗുരുതരമായ ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി കണ്ടെത്തല്‍. രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാന്‍ കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ രൂപം എ.വൈ. 1 ആണ് സംസ്ഥാനത്തുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐജിഐബി) പഠനത്തിലാണ് ഇതുസംബന്ധിച്ച സൂചനകളുള്ളത്.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി അഞ്ചുജില്ലയിലാണ് ഡെല്‍റ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്. ഓഗസ്റ്റില്‍ പരിശോധിച്ച 909 സാംപിളുകളില്‍ 424 എണ്ണത്തിലും ഡെല്‍റ്റയുടെ പുതിയ ഉപവകഭേദങ്ങളായ എ.വൈ. 1 മുതല്‍ എ.വൈ. 25 വരെ ഉള്ളവയുടെ സാന്നിധ്യമുണ്ട്. എന്നാല്‍ എ.വൈ. 1 ഒഴികെയുള്ളവയുടെ കൃത്യത സ്ഥിരീകരിച്ചിട്ടില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റില്‍ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് എവൈ1 ആറുശതമാനത്തിലേറെയാണ് എന്നാണ് കണക്കുകള്‍. അതേസമയം, ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ (ബി 1.617.2) അപകടകാരിയാണോ എ.വൈ. 1 എന്ന് വ്യക്തമല്ല.

കേരളത്തില്‍ ഇന്നലെ മാത്രം 32,803 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

അതേസമയം, കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വിദേശത്ത് നിന്നുള്‍പ്പെടെയുള്ള വിദഗ്ധര്‍ കേരളത്തെ അഭിനന്ദിക്കുയാണ്. കോവിഡ് മഹാമാരിയുടെ ആദ്യ നാള്‍ മുതല്‍ കേരളം സ്വീകരിച്ചു വരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്ന് ചര്‍ച്ചയില്‍ പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടു. ഐ.സി.എം.ആര്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ ഫലത്തില്‍ ഏറ്റവും കുറച്ചു പേര്‍ക്ക് രോഗം പകര്‍ന്ന സംസ്ഥാനമാണ് കേരളമെന്ന് കണ്ടെത്തിയത് പലരും ചൂണ്ടിക്കാട്ടി. അതോടോപ്പം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി മരണ നിരക്ക് കുറച്ചു നിര്‍ത്തിയതിന് സംസ്ഥാനത്തെ അഭിനന്ദിച്ചു.

രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നുംവാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ അധികം വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതിന്റെ സൂചനയാണ്. അതിനാല്‍ കേരളത്തിന്റെ സാമ്പത്തികസാമൂഹിക മേഖലകളെ കൂടുതല്‍ സജീവമാക്കാനുള്ള ആലോചനകള്‍ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവതരമായ ചര്‍ച്ചയുണ്ടായി. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനയിലും പ്രതിരോധ കുത്തിവയ്പ്പിലും സ്വീകരിക്കാവുന്ന പുതിയ ആശയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ ഏറ്റവും നന്നായി കോവിഡ് ഡാറ്റാ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ക്രിയാത്മക നിര്‍ദ്ദേശങ്ങളാലും വ്യത്യസ്ത നിരീക്ഷണങ്ങളാലും സമ്പന്നമായ ചര്‍ച്ച സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ ഊന്നല്‍ നല്‍കി ഈ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story