Top

'ജയ് രാത്രി കര്‍ഫ്യൂ; ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ മറക്കരുത്': ഷിബു ബേബി ജോണ്‍

30 Aug 2021 4:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയ് രാത്രി കര്‍ഫ്യൂ; ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ മറക്കരുത്: ഷിബു ബേബി ജോണ്‍
X

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂവിനെ വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഇന്ന് മുതല്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെ കര്‍ഫ്യൂ നിലവില്‍ വരാനിരിക്കെയാണ് മുന്‍ മന്ത്രിയുടെ പരിഹാസം. കേരളത്തിന്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നു. കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ വിലപ്പെട്ട കണ്ടെത്തല്‍ നടത്തിയിരിക്കുന്നു എന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ്. നമ്മള്‍ ഇത്രയുംകാലം പകല്‍ സമയങ്ങളില്‍ കോവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃത്തുക്കളെ. രാത്രി ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ മറക്കരുത് എന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

ഇനി എല്ലാ മലയാളികള്‍ക്കും സമാധാനിക്കാം. കേരളത്തിന്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റ് ശാസ്ത്രീയമായി ഗവേഷണങ്ങള്‍ നടത്തി കോവിഡിനെ നേരിടാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു.

നിലവില്‍ ഇന്ത്യാരാജ്യത്തെ 70% കേസുകളും കേരളത്തിലാണെങ്കിലും ഇനി മുതല്‍ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ്.

നമ്മള്‍ ഇത്രയുംകാലം പകല്‍ സമയങ്ങളില്‍ കോവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃത്തുക്കളെ. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതിരുന്നാല്‍ മതി കോവിഡിനെ നമുക്ക് തുരത്താം. രാത്രി ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ മറക്കരുത്.

ജയ് രാത്രി കര്‍ഫ്യൂ.

അതേസമയം, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് കര്‍ഫ്യൂ നടപ്പാക്കുന്നത്.

Next Story