Top

കുറയാതെ കൊവിഡ് വ്യാപനം; സംസ്ഥാനം നേരിടുന്നത് വന്‍ വെല്ലുവിളി

20 Aug 2021 12:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുറയാതെ കൊവിഡ് വ്യാപനം; സംസ്ഥാനം നേരിടുന്നത് വന്‍ വെല്ലുവിളി
X

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവറ്റി നിരക്ക് പതിനാറ് കടന്നു. മരണ നിരക്കിലും രേഖപ്പെടുത്തുന്നത് ഉയര്‍ന്ന കണക്കുകള്‍. സംസ്ഥാനത്തെ കൊവിഡ് ആശങ്ക ഒഴിയുന്നില്ല. രോഗവ്യാപനം കുറയാതെ തുടരുന്ന ഈ സാഹചര്യത്തിലാണ് ഓണാഘോഷങ്ങളും കടന്നു വരുന്നത്. കനത്ത ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിഎണ്‍പതിനായിരത്തോളം പേരാണ് സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ദിനംപ്രതി ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെമാനം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണമാണ് ഇപ്പോള്‍ ഒരു ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമ്പര്‍ക്ക രോഗബാധയുടെ തോതും ഉയര്‍ന്ന് നില്‍ക്കുന്നു എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെടുന്ന നൂറില്‍ 98 ശതമാനത്തോളം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിക്കുന്നത്. നിയന്ത്രണങ്ങള്‍ എത്രത്തോളം ശക്തമാക്കിയിട്ടും സമ്പര്‍ക്ക രോഗവ്യാപനം കുറയുന്നില്ല എന്നതിലാണ് ആശങ്ക.

മരണ നിരക്ക് ഇന്നലെ മാത്രം 197. ആകെ കോവിഡ് കവര്‍ന്നെടുത്തത് 19,246 ജീവനുകള്‍. പരമാവധി വേഗത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ എത്ര ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയാലും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രണാതീതമായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകം. അതുകൊണ്ട് തന്നെ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഉത്തരവാദിത്വബോധത്തോടെയുള്ള പെരുമാറ്റമാണ് ഈ ഘട്ടത്തില്‍ പ്രധാനം.

സംസ്ഥാനത്ത് നിലവില്‍ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ രണ്ടര കോടിയിലധികം പേര്‍ക്ക് (2,55,20,478 ഡോസ്) വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെ അവകാശപ്പെടുമ്പോലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത് വരുന്നത്. 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,38,015 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 52.69 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

അതേസമയം, കോവിഡ് കാലത്ത് മറ്റൊരു ഓണം കൂടി വന്നെത്തുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുകയാണ് ആരോഗ്യ വകുപ്പ്. കൊവിഡില്‍ നിന്നും മുക്തരല്ലെന്നും കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓര്‍മ്മിപ്പിക്കുന്നത്. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് സംസ്ഥാനം. പ്രതിദിന കോവിഡ് കേസുകള്‍ 20,000ന് മുകളിലാണ്. മാത്രമല്ല കേരളം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലുമാണ്. അതിനാല്‍ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി ആവശ്യപ്പെട്ടു.

Next Story