Top

മോന്‍സന്‍ ബന്ധം; സ്വരാജിന്റെ പേരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാജപ്രചരണം

മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന സ്വരാജിന്റെ ഫോട്ടോയിലാണ് കൃത്രിമം കാണിച്ചിരിക്കുന്നത്.

30 Sep 2021 12:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സന്‍ ബന്ധം; സ്വരാജിന്റെ പേരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാജപ്രചരണം
X

സിപിഐഎം നേതാവ് എം സ്വരാജിന്റെ പേരില്‍ വ്യാജപ്രചരണവുമായി സൈബര്‍ ലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തട്ടിപ്പുക്കേസില്‍ അറസ്റ്റിലായ മോന്‍സനുമായി സ്വരാജിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് വ്യാജപ്രചരണം നടത്തുന്നത്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന സ്വരാജിന്റെ ഫോട്ടോയിലാണ് കൃത്രിമം കാണിച്ചിരിക്കുന്നത്. ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോ കോണ്‍ഗ്രസ്, മുസ്ലീംലീഗ് ഗ്രൂപ്പുകളിലാണ് പ്രചരിക്കുന്നത്.

കഴിഞ്ഞദിവസം മന്ത്രി ശിവന്‍കുട്ടിയുടെ പേരിലും സമാനമായ വ്യാജപ്രചരണം നടന്നിരുന്നു. തനിക്ക് നേരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുമാണ് വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നും പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

വിഷയത്തില്‍ മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്: ''ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടന്‍ ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.''

Next Story